
സാധാരണയായി നാമെല്ലാം ബീച്ചിൽ പോകുന്നത് അൽപം സന്തോഷിക്കാനും വിശ്രമിക്കാനും ഒക്കെ വേണ്ടിയാണ് അല്ലേ? എന്നാൽ, ആഫ്രിക്കയിലെ ഒരു തീരം ഒരുകാലത്ത് പലർക്കും പേടിസ്വപ്നമായിരുന്നു. വളരെയേറെ അപകടകാരിയായ ഒരു സ്ഥലമായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നത്. അതാണ് ‘സ്കെൽട്ടൺ കോസ്റ്റ്’.
ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങൾ, കപ്പലുകൾ തകർന്നതിന്റെ അവശിഷ്ടങ്ങൾ, സീൽ കോളനികൾ, അപകടകരമായ മരുഭൂമിയിലെ സിംഹങ്ങളുടെ സാന്നിധ്യം തുടങ്ങിയവയെല്ലാം കാരണം ഈ സ്ഥലം ഭൂമിയുടെ അവസാനത്തോടായിരുന്നു താരതമ്യപ്പെടുത്തിയിരുന്നത്. ഇവിടുത്തെ ഉൾപ്രദേശങ്ങളിലെ ആദിവാസികൾ ഈ പ്രദേശത്തെ വിളിച്ചിരുന്നത് ‘ദൈവം കോപത്താൽ സൃഷ്ടിച്ച ദേശം’ എന്നായിരുന്നു. അതുപോലെ ഒരുകാലത്ത് നിരവധി കപ്പലപകടങ്ങൾ നടന്ന ഈ തീരത്തെ പോർച്ചുഗീസ് നാവികർ ‘നരകത്തിന്റെ വാതിൽ’ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
ബെൻഗുലാ ശീതജലപ്രവാഹം കാരണം സൃഷ്ടിക്കപ്പെടുന്ന കനത്ത മൂടൽമഞ്ഞ് ഇവിടുത്തെ പ്രത്യേകതയാണ്. അതുപോലെ, വലിയ തിരമാലകളുണ്ടാകുന്ന പ്രദേശമാണ് ഇത്. ഈ കനത്ത മൂടൽമഞ്ഞും തിരമാലകളുമാണ് ഇവിടെ നടന്ന അനവധിക്കണക്കിന് കപ്പലകടങ്ങൾക്ക് കാരണമായി തീർന്നത് എന്നാണ് അനുമാനം. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ സ്ഥിതി ചെയ്യുന്ന ഇത് 40 കിലോമീറ്റർ വീതിയിലും 500 കിലോമീറ്റർ നീളത്തിലുമാണ് വ്യാപിച്ചു കിടക്കുന്നത്.
സ്കെല്ട്ടണ് കോസ്റ്റിലേക്കുള്ള പ്രവേശന കവാടം
ഇവിടെ പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, ചീറ്റാ തുടങ്ങി പലതരത്തിലുള്ള മൃഗങ്ങളും കാണപ്പെടുന്നു. സ്കെൽട്ടൺ കോസ്റ്റ് രണ്ട് ഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. അതിലൊന്നിൽ വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം. നാഷണൽ വെസ്റ്റ് കോസ്റ്റ് ടൂറിസ്റ്റ് റിക്രിയേഷൻ ഏരിയയിൽ ഉൾപ്പെടുന്ന സൗത്ത് സ്കെൽട്ടൺ കോസ്റ്റ് പാർക്കാണത്. എന്നാൽ, ഈ ദേശീയ ഉദ്യാനത്തിന്റെ വടക്ക് ഭാഗത്ത് ടൂറിസ്റ്റുകൾക്ക് നേരിട്ട് പ്രവേശനമില്ല. പകരം, അനുമതിയുള്ള ടൂർ ഓപ്പറേറ്റർമാർ വഴി ഇവിടം സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 16, 2023, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]