കൊച്ചി ∙
ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപ്പങ്ങളില് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം പൂശിയ ചെമ്പു പാളികൾ ചെന്നൈയിലെത്തിച്ചപ്പോൾ നാലര കിലോയോളം ഭാരം കുറഞ്ഞത് എങ്ങനെ എന്ന് അന്വേഷിക്കാനാണ് ദേവസ്വം വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർക്ക് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം.
അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നുണ്ടാകണം. ‘സത്യം പുറത്തുവരട്ടെ’.
കോടതി അഭിപ്രായപ്പെട്ടു.
2019ൽ ബെംഗളൂരു സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യര്‍ഥന പ്രകാരമാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ ‘ചെമ്പുപാളികൾ’ ഇളക്കിയെടുത്ത് ‘ഗോൾഡ്പ്ലേറ്റിങ്ങി’നായി ചെന്നൈയിലേക്കു കൊണ്ടു പോകുന്നത്. ഇത് ഇളക്കിയെടുക്കുന്ന സമയത്ത് ശബരിമലയിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാം ഉണ്ടായിരുന്നെങ്കിലും വിജിലൻസ് ഓഫിസർ ഉണ്ടായിരുന്നില്ല.
ഇത് ഇളക്കി എടുത്തപ്പോൾ 12 കഷ്ണങ്ങളായി 25.400 കിലോഗ്രാം ആയിരുന്നു ഭാരം. പീഠത്തിന്റെ ഭാരം 17.400 കിലോഗ്രാമും ഉൾപ്പെടെ ആകെ 42.800 കിലോഗ്രാം.
ഇതു കൊണ്ടു പോയി ഒരു മാസത്തിനു ശേഷം ഗോൾഡ് പ്ലേറ്റിങ് നടത്തുന്ന ചെന്നൈയിലെ സ്ഥാപനത്തിൽ എത്തിച്ചു തൂക്കി നോക്കുമ്പോൾ ഭാരം 38.258 കിലോഗ്രാം. 4.14 കിലോഗ്രാം കുറവ്.
അവിടെ നിന്ന് ഗോൾഡ്പ്ലേറ്റിങ് നടത്തിയ ശേഷമുള്ള തൂക്കം 38.653 കിലോഗ്രാം. ആകെ വന്ന വ്യത്യാസം 394 ഗ്രാം മാത്രം.
എന്നാൽ ദ്വാരപാല ശിൽപ്പങ്ങളിൽ ഇത് ഘടിപ്പിക്കാനായി എത്തിച്ചപ്പോൾ ഭാരം എത്രയായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടില്ല എന്നും കോടതി കണ്ടെത്തി. ഇതെങ്ങനെ കുറവു വന്നു എന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി തുടർന്ന് നിർേദശിക്കുകയായിരുന്നു.
1999ൽ ‘സ്വർണം പൂശിയ’ ദ്വാരപാലക ശിൽപ്പങ്ങൾ ശ്രീകോവിലിന്റെ വശങ്ങളിൽ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് അനുമതി നല്‍കിയതായി രേഖയുണ്ടെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
എന്നാൽ 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ ഗോൾഡ്പ്ലേറ്റിങ് നടത്തിത്തരാമെന്ന ബെംഗളൂരു സ്വദേശി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭ്യർഥന പ്രകാരം ‘ചെമ്പ് പ്ലേറ്റുകൾ’ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി എന്നാണ് രേഖകളില്‍ കാണുന്നതെന്ന് കോടതി ഇന്നും ആവർത്തിച്ചു. മാത്രമല്ല, സ്ട്രോങ്റൂമിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾ വിട്ടു തന്നാൽ അവയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാമെന്നും അതുവഴി ചെലവു കുറയ്ക്കാമെന്നും കാണിച്ച് ഉണ്ണികൃഷ്ണൻ പോറ്റി കഴിഞ്ഞ വർഷം ദേവസ്വം ബോർഡിന് ഇമെയിൽ അയച്ചിരുന്നു.
തുടർന്ന് ഇങ്ങനെയൊരു ശിൽപ്പം സ്ട്രോങ് റൂമിൽ ഉണ്ടോ എന്ന് പരിശോധിക്കാനും വിജിലൻസ് ഓഫിസർക്ക് കോടതി നിർദേശം നല്കി.
1999ൽ പരമ്പരാഗത രീതിയിൽ പൂശാനായി എത്രത്തോളം സ്വർണം ഉപയോഗിച്ചിരുന്നു എന്നും ഏതു സാഹചര്യത്തിലാണ് 2019ൽ വീണ്ടും ഇവ ‘ഗോൾഡ്പ്ലേറ്റിങ്’ നടത്താനായി കൊണ്ടുപോയതെന്നതിലും കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരിക്കുന്ന ഗോൾഡ്പ്ലേറ്റ് ചെയ്ത ചെമ്പുപാളികൾ പണി പൂർത്തിയാക്കി വേഗത്തിൽ തിരിച്ചെത്തിക്കാനും കോടതി നിർദേശിച്ചിരുന്നു.
ശബരിമല സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയും തങ്ങളുടെ അനുമതി ഇല്ലാതെ സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടു പോയതിൽ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]