ന്യൂഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂർ മുഖ്യമന്ത്രിയായി ബിരേൻ സിംഗ് തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, നിങ്ങൾക്ക് ചോദിക്കാം, തർക്കിക്കേണ്ട എന്നായിരുന്നു മറുപടി. മണിപ്പൂരിലേത് ഭീകരവാദമല്ല, വംശീയ സംഘർഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മൂന്നാം മോദി സർക്കാരിന്റെ നൂറാം ദിനത്തിൽ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അമിത് ഷാ പ്രകോപിതനായത്. സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുക്കി, മെയ്തി വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മണിപ്പൂരിൽ പോകുമോ എന്ന ചോദ്യത്തിന് തീരുമാനമുണ്ടായാൽ നിങ്ങളറിയും എന്നായിരുന്നു പ്രതികരണം. രാജ്യത്ത് ആദ്യമായി രാഷ്ട്രീയ സ്ഥിരതയുണ്ടായി. വഖഫ് ബില്ലിൽനിന്ന് പിന്നോട്ടില്ല. വൈകാതെ പാസാക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടൻ നടപ്പാക്കുമെന്നും വ്യക്തമാക്കി. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്നു ലക്ഷം കോടി രൂപ വകയിരുത്തി.മഹാരാഷ്ട്രയിലെ വാധ്വാനിൽ തുറമുഖം നിർമ്മിക്കും. പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 17-ാം ഗഡു വിതരണം ചെയ്തു.
നുഴഞ്ഞുകയറ്റം തടയാൻ മ്യാൻമർ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വേലികെട്ടാൻ തീരുമാനിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]