ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനൻ്റ് ഗവർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകിയ ശേഷം കെജ്രിവാൾ മടങ്ങി. ഒപ്പമുണ്ടായിരുന്ന അതിഷി മർലേനയും സൗരഭ് ഭരദ്വാജും ഗോപാൽ റായിയും ലഫ്റ്റനൻ്റ് ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ, അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു. പുതിയ സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ കെജ്രിവാൾ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചർച്ച നടത്തിയത്. ഇന്ന് രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി പദം ഒഴിയുന്നത്. കെജ്രിവാള് മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ദില്ലിയിലെ കല്‍കാജിയിൽ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. 43ാം വയസ്സിൽ ദില്ലി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മർലേനാ ആംആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ദില്ലിയിൽ എഎപിയുടെ ഭരണതുടർച്ചയ്ക്ക് സഹായകരമായ പരിഷ്ക്കരണ നടപടികളുടെയും ചുക്കാൻ അതിഷിക്കായിരുന്നു. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]