ആഗ്ര: ആഗ്ര-ലക്നൗ എക്സ്പ്രസ്വേയിൽ കാറിനുള്ളിൽ 20 കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്നൗവിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോയും ഇവർ ചിത്രീകരിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് യുവതിയെ റോഡിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടു. മേയ് 10നായിരുന്നു സംഭവം. പരീക്ഷ എഴുതാതെ തന്നെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്ന സംഘമാണ് യുവതിയെ കെണിയിൽപ്പെടുത്തിയത്.
സമൂഹമാധ്യമത്തിൽലെ പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. 30,000 രൂപയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് രാകേഷ് കുമാർ എന്നയാൾ വാഗ്ദാനം നൽകി. തുടർന്ന് യുവതി 15,000 രൂപ ഓൺലൈനായി അയച്ചു നൽകി. ബാക്കി തുകയുമായി യുവതിയോട് ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ എത്താനായിരുന്നു നിർദേശം. രാകേഷ് കുമാറിനൊപ്പം ശ്രീനിവാസ് വർമയെന്ന വ്യക്തിയും ഇവിടെ ഉണ്ടായിരുന്നെന്നു യുവതി പറയുന്നു. കാറിൽ കയറാൻ ആവശ്യപ്പെട്ട ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇതിനിടെ ബലാത്സംഗ രംഗം ഇവർ ക്യാമറയിൽ പകർത്തി. പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ, ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയെ എക്സ്പ്രസ്വേയിൽ ഉപേക്ഷിച്ച് സംഘം മുങ്ങി. സംഭവം നടന്നയുടൻ ന്യൂ ആഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി പോയെങ്കിലും, ലക്നൗ പൊലീസിന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നതെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചെന്നും യുവതി ആരോപിച്ചു. പിന്നീട് ലക്നൗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് ലക്നൗ പൊലീസ് അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]