
ടെൽ അവീവ് : ഇസ്രയേലിന് നേരെ ആദ്യമായി ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് യെമനിലെ ഹൂതി വിമതർ. പതിനൊന്നര മിനിറ്റ് കൊണ്ട് 2,040 കിലോമീറ്റർ താണ്ടിയ മിസൈൽ മദ്ധ്യ ഇസ്രയേലിലെ തുറന്ന മേഖലയിൽ പതിച്ചു. ആളപായമില്ല. മിസൈൽ ആകാശത്ത് വച്ച് തകർത്തെന്നും, തകർന്ന ഭാഗങ്ങളാണ് താഴെ പതിച്ചതെന്നും ഇസ്രയേൽ സൈന്യം പിന്നീട് പറഞ്ഞു.
പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.35നായിരുന്നു സംഭവം. ടെൽ അവീവ് അടക്കമുള്ള മദ്ധ്യ ഇസ്രയേലി നഗരങ്ങളിലെല്ലാം മിസൈൽ പതിക്കുന്നതിന് തൊട്ടുമുന്നേ അപായ മുന്നറിയിപ്പ് നൽകി. ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ജൂലായിൽ ടെൽ അവീവിലുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
പിന്നാലെ 1,800 കിലോമീറ്റർ അകലെയുള്ള യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രയേൽ ബോംബിട്ടു. മൂന്ന് പേർ കൊല്ലപ്പെട്ടു. ഗാസ യുദ്ധം തുടങ്ങിയത് മുതൽ ഹൂതികൾ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രയേലിന് നേരെ വിക്ഷേപിച്ചിരുന്നു. ഇവയെല്ലാം ഇസ്രയേൽ തകർത്തിരുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയും ഹൂതികൾ ആക്രമിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]