പ്രതി പിടിയിൽ
വാഷിംഗ്ടൺ: യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ വീണ്ടും ശ്രമം. റൈഫിളുമായി ഒളിച്ചുനിന്ന അക്രമിയെ പിടികൂടി. ട്രംപ് സുരക്ഷിതനാണ്.
പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് (ഇന്ത്യൻ സമയം രാത്രി 11) ഫ്ലോറിഡയിലെ വെസ്റ്റ് പാംബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബി”ലായിരുന്നു സംഭവം.
ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ ദൂരെ വേലിക്കെട്ടിനു പുറത്ത് തോക്കുമായി നിലയുറപ്പിച്ച റയാൻ വെസ്ലി റൂത്ത് (58) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഹവായ് സ്വദേശിയായ ഇയാൾ യുക്രെയിൻ അനുഭാവിയും ട്രംപിന്റെ കടുത്ത വിമർശകനുമാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ മാരകായുധം കൈവശം വച്ചതിന് 2002ൽ ശിക്ഷിക്കപ്പെട്ടിരുന്നു.
ജൂലായ് 13നുണ്ടായ വധശ്രമത്തിൽ നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. പെൻസിൽവനിയയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന്റെ വലതുചെവിയിൽ വെടിയേൽക്കുകയായിരുന്നു. അക്രമി തോമസ് മാത്യു ക്രൂക്ക്സിനെ (20) സുരക്ഷാസേന വധിച്ചു.
അതേസമയം, അഭ്യൂഹങ്ങൾ പ്രചരിക്കുംമുമ്പുതന്നെ താൻ സുരക്ഷിതനാണെന്ന് ട്രംപ് ഇ മെയിലിലൂടെ അണികളെ അറിയിച്ചു. ട്രംപ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതിൽ ആശ്വസിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
തോക്കുപേക്ഷിച്ച് രക്ഷപ്പെട്ട
പ്രതിയെ പിന്തുടർന്ന് പിടിച്ചു
ട്രംപ് നിന്നിടത്തു നിന്ന് 365 – 460 മീറ്റർ അകലെ, വേലിക്ക് പുറത്ത് കുറ്റിക്കാട്ടിൽ അക്രമി നിലയുറപ്പിച്ചു
വേലിക്കിടയിലൂടെ ഗോൾഫ് കോഴ്സിനകത്തേക്ക് എ.കെ – 47 സ്റ്റൈൽ റൈഫിൾ പോയിന്റ് ചെയ്യുന്നു
ഇതുകണ്ട ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാൾക്കു നേരെ വെടിവച്ചു
റൈഫിൾ ഉപേക്ഷിച്ച് ഓടി കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 65 കിലോമീറ്റർ അകലെ പിടിയിലായി
കുറ്റിക്കാട്ടിൽ നിന്ന് തോക്കും രണ്ട് ബാക്ക് പായ്ക്കുകളും ഒരു ഗോപ്രോ ക്യാമറയും കണ്ടെത്തി
സുരക്ഷിതനാണ്. ഒരിക്കലും കീഴടങ്ങില്ല. ഒന്നിനും എന്നെ പിന്തിരിപ്പിക്കാനാകില്ല
– ഡൊണാൾഡ് ട്രംപ്
ട്രംപ് സുരക്ഷിതനെന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. അമേരിക്കയിൽ അക്രമത്തിന് ഇടമില്ല
– കമലാ ഹാരിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]