കൊല്ലം: കൊല്ലത്ത് കല്ലടയാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കല്ലടയാറ്റിൽ നിലമേൽ സ്വദേശി മുജീബിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ്റിൽ വീണ് ഒഴുക്കിൽപെട്ട് മരിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബന്ധുക്കളും നാട്ടുകാരും മരണത്തിൽ ദുരൂഹത ആരോപിച്ചതോടെ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.
പ്രദേശത്തെ സ്ഥിരം മദ്യപാനി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം മുജീബിന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തലിൽ എത്തിച്ചു. പ്രതിയായ കുളത്തുപ്പുഴ സ്വദേശി മനോജിനെ പൊലീസ് പിടികൂടി. സംഭവത്തെ കുറിച്ച് പൊലീസിന്റെ കണ്ടെത്തൽ ഇപ്രകാരം:
കുളത്തുപ്പുഴ നെടുവണ്ണൂർ കടവ് ഭാഗത്ത് രണ്ടു സംഘങ്ങളിലായി മദ്യപിക്കുകയായിരുന്നു മുജീബും മനോജും. മദ്യപിക്കാൻ വെള്ളം തീർന്നപ്പോൾ മുജീബ്, മനോജിന്റെ സംഘത്തിന്റെ കുപ്പിവെള്ളം അനുവാദം കൂടാതെ എടുത്തു. ഇത് ചോദ്യം ചെയ്ത മനോജും മുജീബും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് മുജീബ് ഒഴുക്കിൽപ്പെട്ട് മരിച്ചു. അറസ്റ്റിലായ മനോജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]