മുംബൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക്വാദ്. സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്.
ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്ക്വാദിന്റെ ആരോപണം. ഇത് കോൺഗ്രസിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടി. സംവരണത്തെ എതിർക്കുന്ന അന്തർലീനമായ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നാവ് അരിയുന്നവർക്ക് താൻ 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഗെയ്ക്വാദ് പറഞ്ഞു.
മറാത്തികൾ, ധംഗർമാർ, ഒബിസി വിഭാഗത്തിലുള്ളവർ സംവരണത്തിനായി പോരാടുകയാണ്, എന്നാൽ സംവരണത്തിന്റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഭരണഘടന ഉയർത്തിക്കാട്ടി ബിജെപി അത് മാറ്റുമെന്ന് വ്യാജ ആരോപണം രാഹുൽ ഗാന്ധി ഉന്നയിച്ചെന്നും എന്നാൽ രാജ്യത്തെ 400 വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസാണ് പദ്ധതിയിടുന്നതെന്നും ഗെയ്ക്വാദ് പറഞ്ഞു.
അതേസമയം എംഎൽഎയുടെ പരാമർശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. എന്നിരുന്നാലും സംവരണം പുരോഗതിയെ ബാധിക്കുമെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത് മറക്കാനാവില്ലെന്നും ബവൻകുലെ പറഞ്ഞു. സംവരണം നൽകുക എന്നാൽ വിഡ്ഢികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് രാജീവ് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ബവൻകുലെ ആരോപിച്ചു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിലുള്ളവരിലേക്ക് നെഹ്റു, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ഘടക കക്ഷിയാണ് ബിജെപി.
സഞ്ജയ് ഗെയ്ക്വാദ് ഈ സമൂഹത്തിൽ ജീവിക്കാൻ അർഹനല്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഗെയ്ക്വാദിനെതിരെ നരഹത്യക്കുറ്റം ചുമത്തുമോയെന്ന് അറിയണം. ഇവരെല്ലാം സംസ്ഥാനത്തെ രാഷ്ട്രീയം നശിപ്പിച്ചുവെന്ന് കോൺഗ്രസ് എംഎൽസി ഭായ് ജഗ്താപ് പറഞ്ഞു.
അമേരിക്കയിൽ ജോർജ് ടൌണ് സർവകലാശാലയിലെ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോൾ സംവരണത്തെ കുറിച്ച് രാഹുൽ നടത്തിയ പരാമർശമാണ് വളച്ചൊടിക്കപ്പെട്ടത്. ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോൾ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്ഗ്രസ് പാർട്ടി ചിന്തിക്കുമെന്നും എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നുമാണ് രാഹുൽ പറഞ്ഞത്.
രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിത, ബിജെപി സീറ്റ് നൽകിയില്ല, സ്വതന്ത്ര സ്ഥാനാർത്ഥിയായി സാവിത്രി ജിൻഡാൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]