മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ മൂന്ന് മാസത്തിനിടെ മരിച്ചത് 179 നവജാത ശിശുക്കൾ. ശിശുമരണങ്ങളുടെ ക്രമാതീതമായ വർധനവിനെ തുടർന്ന് മരണങ്ങൾ തടയാൻ ജില്ലാ ഭരണകൂട മിഷൻ ലക്ഷ്യ 84 ദിവസം പദ്ധതിക്ക് തുടക്കം കുറിച്ചു. നന്ദുർബാർ ജില്ലയുടെ സിഎംഒ എം. സാവൻ കുമാറാണ് ഇക്കാര്യം പറഞ്ഞത്. മഹാരാഷ്ട്രയിലെ ഏറ്റവും പിന്നോക്ക ജില്ലകളിലൊന്നാണ് നന്ദുർബാർ. 2007 മുതലുള്ള നിരവധി പൊതുതാൽപ്പര്യ ഹർജികൾ ജില്ലയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് കോടതികളിലുണ്ട്. ജൂലൈയിൽ 75 കുട്ടികളുംഓഗസ്റ്റിൽ 86 കുട്ടികളും സെപ്റ്റംബറിൽ 18 കുട്ടികളും ജില്ലയിൽ മരിച്ചെന്ന് സാവൻ കുമാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഭാരക്കുറവ്, ജനന സമയത്തെ ശ്വാസംമുട്ടൽ, സെപ്സിസ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയാണ് മരണത്തിന്റെ പ്രധാന കാരണങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
0-28 ദിവസം പ്രായമുള്ള കുട്ടികളാണ് 70 ശതമാനവും മരിച്ചത്. പല സ്ത്രീകൾക്കും ഇവിടെ അരിവാൾ രോഗമുണ്ട്. ഈ രോഗം പ്രസവസമയത്ത് സങ്കീർണതകൾ ഉണ്ടാക്കുന്നു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി ‘ലക്ഷ്യ 84 ഡേയ്സ്’ എന്ന ദൗത്യം ആരംഭിച്ചെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാഷ്ട്രയിലെ ഏറ്റവും കുറഞ്ഞ മാനവ വികസന സൂചിക മാർക്കുള്ള ജില്ലയാണ് നന്ദുർബാർ. നേരത്തെ പോഷകാഹാരക്കുറവ് പ്രശ്നം പരിഹരിക്കുന്നതിനായി മൂന്ന് വർഷത്തെ പദ്ധതി ആരംഭിച്ചിരുന്നു. കൗമാരക്കാർക്ക് പോഷകാഹാരം നൽകുക എന്നതായിരുന്നു പദ്ധതി. കൂടാതെ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഈ സഹായത്തിന്റെ പ്രയോജനം ലഭിക്കും. ശിശുമരണങ്ങളുടെയും മാതൃമരണങ്ങളുടെയും അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി നന്ദൂർബാറിലെ ജില്ലാ കളക്ടറോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു.
2022 ജനുവരി മുതൽ ജില്ലയിൽ 411 പേർ മരിച്ചതായി ആദിവാസി അവകാശ പ്രവർത്തകനായ ബന്ദു സാനെ ബോംബെ ഹൈക്കോടതിയെ നേരിട്ട് അറിയിച്ചു. അപര്യാപ്തമായ മെഡിക്കൽ സൗകര്യങ്ങളും പോഷകാഹാരക്കുറവുമാണ് ഉയർന്ന മരണനിരക്കിന് കാരണമെന്ന് സാനെ പറഞ്ഞു. ഫ്ലോട്ടിംഗ് ബോട്ട് ഹോസ്പിറ്റലുകളും ആംബുലൻസുകളും കാലഹരണപ്പെട്ടതാണെന്നും നവീകരണം അനിവാര്യമാണെന്നും പഠന സംഘം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ പദ്ധതികളുടെ പരാജയം ശിശുമരണ നിരക്ക് വർധിക്കാൻ കാരണമായതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, മെഡിക്കൽ ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]