
അഭിനേതാവ് എന്ന നിലയില്‍ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആണ് ജയിലര്‍ എന്ന ചിത്രം വിനായകന് നല്‍കിയത്. സൂപ്പര്‍താരം രജനികാന്ത് നായകനായെത്തിയ, മോഹന്‍ലാലും ശിവ രാജ്കുമാറും ജാക്കി ഷ്രോഫും രജനിയുടെ സുഹൃത്തുക്കളായി അതിഥിവേഷങ്ങളിലെത്തിയ ചിത്രത്തില്‍ വര്മ്മന് എന്ന പ്രതിനായകനായിരുന്നു വിനായകന്റെ കഥാപാത്രം. ഗംഭീര പ്രകടനമാണ് വര്‍മ്മനായി അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ അഭിനയത്തിന് പുറത്ത് തന്റെ ഭാവി പരിപാടികളെക്കുറിച്ച് പറയുകയാണ് വിനായകന്. അഭിനയം തനിക്ക് ജോലിയാണെന്നും എന്നാല്‍ സംഗീതം അങ്ങനെയല്ലെന്നും പറയുന്നു അദ്ദേഹം. ഒരു മ്യുസിഷന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹമെന്നും സിനിമ സംവിധാനം ചെയ്യുമെന്നും വിനായകന് പറയുന്നു. സാര്‍ക് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് വിനായകന് ഇതേക്കുറിച്ച് പറയുന്നത്.
“സ്വന്തം പാട്ടുകള്‍ ഇറക്കണം എനിക്ക്. കുറേ പാട്ടുകള്‍ ഞാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കിയിട്ടില്ലെങ്കിലും ഒരുപാട് പാട്ടുകള്‍ക്കുള്ള സ്ക്രാച്ച് എന്റെ കൈയിലുണ്ട്. അത് ഇറക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ പ്ലാന്‍. ഒരു മ്യുസിഷനായി അറിയപ്പെടാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അഭിനയം ജോലിയാണ് എനിക്ക്. പക്ഷേ മ്യൂസിക്ക് ഉണ്ടാക്കുക എന്നത് എനിക്ക് ജോലിയല്ല. ദൈവം തന്നിരിക്കുന്ന അനുഗ്രഹമാണ് സംഗീതം. അത് ഉപയോഗിച്ചില്ലെങ്കില്‍ ശരിയാവില്ല. ദൈവം കഴിഞ്ഞാല്‍ പിന്നെ സംഗീതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ ദൈവം എന്താണെന്ന് ചോദിക്കും. ദൈവം എന്നാല്‍ അറിവാണെന്ന് അപ്പോള്‍ പറയാറുണ്ട്. പത്ത് അന്‍പത്താറ് പാട്ടുകള്‍ ഞാന്‍ ഉണ്ടാക്കിവച്ചിട്ടുണ്ട്. പുറത്തോട്ട് ഇറക്കിയിട്ടില്ല എന്നേയുള്ളൂ. കാലിന് അപകടം പറ്റി ആറ് മാസം കിടപ്പിലായിരുന്നു. ആ സമയത്താണ് പാട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയത്”, വിനായകന് പറയുന്നു. നേരത്തെ കമ്മട്ടിപ്പാടത്തിലെ പുഴുപുലികള്‍ എന്ന ഗാനത്തിനും ട്രാന്‍സിലെ ടൈറ്റില്‍ ട്രാക്കിനും സംഗീതം പകര്‍ന്നത് വിനായകന് ആയിരുന്നു.
സംവിധാനം ചെയ്യാനുള്ള പ്ലാനിനെക്കുറിച്ച് വിനായകന് ഇങ്ങനെ പറയുന്നു- “രണ്ടാമത് പടം ഡയറക്റ്റ് ചെയ്യണം എനിക്ക്. എന്തായാലും സിനിമ ഞാന്‍ സംവിധാനം ചെയ്യും, വളരെ പെട്ടെന്ന്. സംവിധാനത്തിന്റെ കാര്യം പറഞ്ഞാല്‍ രണ്ട്, മൂന്ന് പടം എനിക്ക് ഡയറക്റ്റ് ചെയ്താല്‍ മതി. അതാണ് ഭാവി പരിപാടികള്‍”.
Last Updated Sep 16, 2023, 11:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]