
കാലങ്ങളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മലയാളികൾക്കൊപ്പം കൂടിയ നടനാണ് ജഗദീഷ്. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. ആദ്യകാലത്ത് കോമഡി വേഷങ്ങളിലായിരുന്നു ജഗദീഷ് കസറിയിരുന്നതെങ്കിൽ, ഇന്നത് മാറി. വേറിട്ട, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആണ് ജഗദീഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിലവിൽ തീപ്പൊരി ബെന്നി എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. രാഷ്ട്രീയത്തിന് പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രവുമായി ബന്ധപ്പെട്ട് ജഗദീഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തനിക്ക് ഇപ്പോൾ രാഷ്ട്രീയമില്ലെന്നാണ് ജഗദീഷ് പറയുന്നത്. രാഷ്ട്രീയത്തിൽ താനിപ്പോൾ പിന്തുടരാൻ ആഗ്രഹിക്കുന്നത് മമ്മൂട്ടിയെ ആണെന്നും ജഗദീഷ് പറഞ്ഞു. എല്ലാ പാർട്ടിക്കും മമ്മൂട്ടി സ്വീകാര്യനാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
ജഗദീഷ് പറയുന്നത്
ഞാൻ ഇപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചു. ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോടും രമയ്ക്കും കുട്ടികൾക്കും യോജിപ്പ് ഇല്ലായിരുന്നു. അതിനെ ഒരുപരിധി വരെ കണക്കിലെടുക്കാതെ ആണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അവരുടെ ഉപദേശം കേൾക്കാത്തിന്റെ തിക്ത ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു. ഏത് തെരഞ്ഞെടുപ്പിലും പരാജിതൻ പരിഹാസ്യനാണ്. എന്നുകരുതി പരാജിതൻ ആയത് കൊണ്ടല്ല ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ചത്. കുട്ടികളും രമയും പറഞ്ഞ കാര്യത്തോട് യോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു.
നിലവിൽ രാഷ്ട്രീയത്തിൽ പിന്തുടരാൻ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ആണ്. ഒരു തെരഞ്ഞെടുപ്പിൽ പ്രധാനമായും മൂന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകും. ആ മൂന്നു സ്ഥാനാർഥികളെയും ഒരേ പോലെ ആണ് മമ്മൂക്ക സ്വീകരിക്കുക. അദ്ദേഹം ഒരുപാർട്ടിയുടെയും ആളല്ല. ഉമ്മൻ ചാണ്ടിയുടെ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും യോഗത്തിൽ മമ്മൂക്ക പങ്കെടുത്തിട്ടുണ്ട്. പിണറായി സഖാവിന്റെയും എം വി ഗോവിന്ദന്റെ യോഗത്തിലും പങ്കെടുക്കും. അദ്വാനിയുടെ പുസ്തക പ്രകാശനം നിർവഹിച്ചത് മമ്മൂക്കയാണ്. എല്ലാ പാർട്ടിക്കാർക്കും അദ്ദേഹം സ്വീകാര്യനാണ്. എല്ലാവുമായി സമ അടുപ്പമാണ്. ആ ലൈൻ ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു. എനിക്കിപ്പോൾ വളരെ സന്തോഷമാണ്. തോറ്റുപോയി എന്ന നിരാശയോ കുറ്റബോധമോ ഇല്ല. ഒരു പാർട്ടിയിൽ നിന്ന് മറ്റൊന്നിലേക്ക് ഞാൻ കൂറു മാറിയിട്ടില്ല. ഞാൻ രാഷ്ട്രീയമാണ് ഉപേക്ഷിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് ഞാൻ മാറിയതാണ്. പൊതുജനമാണ് അക്കാര്യത്തിൽ എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത്. അത് ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു.
Last Updated Sep 16, 2023, 6:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]