
ദില്ലി: ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ് വേണു രാജാമണി. കാലവധി രണ്ടാഴ്ച്ച കൂടി സംസ്ഥാന സർക്കാർ നീട്ടി നൽകിയിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഔദ്യോഗികമായി ചില ജോലികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സമയം നീട്ടി നൽകിയതെന്നും എന്നാൽ ഈ ജോലികൾ റദ്ദാക്കിയ സാഹചര്യത്തിൽ തുടരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വേണുരാജാമണി പറയുന്നു. യുക്രൈൻ യുദ്ധമുഖത്ത് നിന്നും മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചതും വിയറ്റ്നാമിൽ നിന്ന് പ്രത്യേക വിമാനം അനുവദിപ്പിക്കാൻ മുൻ കൈയെടുത്തതുമടക്കം സേവനപ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനൊപ്പം അക്കമിട്ട് വേണു രാജാമണി നിരത്തിയിട്ടുണ്ട്.
അതേസമയം ചീഫ് സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് വേണു രാജാമണിയുടെ പടിയിറക്കത്തിന് പിന്നിലെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയാണ് നിയമിച്ചതെങ്കിലും കാലാവധി നീട്ടേണ്ടതില്ലെന്ന് പിന്നീട് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. സിപിഎമ്മിലും വേണുരാജാമണിയുടെ നിയമനത്തില് അതൃപ്തിയുണ്ടായിരുന്നു. ഈ മാസം മുപ്പത് വരെയാണ് വേണുരാജാമണിയുടെ കാലാവധി നീട്ടി നല്കിയിരുന്നത്.
നേരത്തെ 2022-ലും ഒരു വർഷം കൂടി വേണുരാജമണിയുടെ സേവനം നീട്ടിനൽകിയിരുന്നു. വേണുരാജാമണിയെ ഒ എസ് ഡി യായി നിയമിക്കുമ്പോൾ കേരളഹൌസിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞുകിടക്കുയായിരുന്നു. പിന്നീട് മുൻ കേന്ദ്രമന്ത്രി കെവി തോമസിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസിൽ നിയമിച്ചു. ഒരേതലത്തിലുള്ള രണ്ട് പദവികൾ സൃഷ്ടിച്ച് സർക്കാർ പണം പാഴാക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് കേരള സർക്കാരിന്റെ ദില്ലിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും എന്ന സൂചനകൾ ശക്തമായത്.
Last Updated Sep 16, 2023, 6:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]