
മലപ്പുറം: കൈക്കൂലിയായി വാങ്ങിയ പണവുമായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ പിടിയിൽ. മലപ്പുറം തിരൂരങ്ങാടിയിൽ ജോയിന്റ് ആർടിഒയുടെ ചുമതല വഹിക്കുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫിക്കറാണ് അറസ്റ്റിലായിട്ടുള്ളതെന്ന് വിജിലൻസ് അറിയിച്ചു. ഇയാളുടെ കാറിൽ നിന്ന് കണക്കിൽ പെടാത്ത 39,200 രൂപയും കണ്ടെടുത്തു.
ഏജന്റുമാർ ഇയാൾക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, ഗുരുതര കൃത്യ വിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി നെടുംകണ്ടം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തിരുന്നു. നിലവിൽ ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന എ വി അജികുമാറിനെതിരെയാണ് നടപടിയെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തതായി തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. എ വി അജികുമാർ നെടുംകണ്ടം പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ നിരവധി ക്രമക്കേടുകൾ നടത്തിയതയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. ആവശ്യമായ രേഖകൾ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ 74 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. 2022-23 സാമ്പത്തിക വർഷത്തിലെയും 2023 ഏപ്രിൽ മുതൽ ജൂൺ വരെയുമുള്ള തനത് ഫണ്ട് വിനിയോഗത്തിലാണ് ക്രമക്കേടുകൾ നടന്നിട്ടുള്ളത്. മാലിന്യ സംസ്കരണ പ്ലാന്റ്, റോഡ്, തോട്, ചെക്ക് ഡാം എന്നിവിടങ്ങളില്‍ നിന്നും മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്ത ഇനത്തില്‍ നല്കിയ വൗച്ചറുകളിലാണ് കൃത്രിമം നടന്നിരിയ്ക്കുന്നത്.
Last Updated Sep 16, 2023, 6:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]