
ക്വാറന്റൈനിൽ കഴിഞ്ഞത് ആംബുലൻസിനുള്ളിൽ
വടകര- നിപ വൈറസ് ബാധയെ തുടർന്ന് മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശിയെ മരിക്കുന്നതിന് മുമ്പ് വടകര നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ അനസിനോട് ആരോഗ്യ വകുപ്പ് അവഗണന കാണിക്കുന്നതായി പരാതി. വടകരയിലലെ ആരോഗ്യ വിഭാഗം കാണിച്ച അവഗണന പകർച്ചവ്യാധി നിയമത്തിലെ ഗുരുതര വീഴ്ചയാണെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
മംഗലാട് സ്വദേശി ഹാരിസിന്റെ മരണ കാരണം നിപയാണെന്ന് അനസ് അറിയുന്നത് തിരിച്ചു വരുമ്പോഴാണ്. ഇതോടെ ആംബുലൻസിനുള്ളിൽ തന്നെ സ്വമേധയാ അനസ് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 17 മണിക്കൂർ അനസ് പുറത്തിറങ്ങാതെ ആംബുലൻസിനുള്ളിൽ തന്നെ കഴിയുകയായിരുന്നു. എന്നാൽ ഇങ്ങനെ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഡ്രൈവറെ ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കിയില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു. പിന്നീട് നാലു ദിവസമായി കോട്ടക്കടവിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അനസിനെ വെള്ളിയാഴ്ച വൈകീട്ടാണ് നിപ സെല്ലിലെ ഉദ്യോഗസ്ഥൻ വിളിക്കുന്നത്. എന്നാൽ അനസിന്റെ കാര്യമന്വേഷിക്കാനായിരുന്നില്ല വിളി. മറിച്ച് ഒരാളെ ആശുപത്രിയിലെത്തിക്കാനായിരുന്നു.
നിപ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവകാശപ്പെടുന്ന സർക്കാരും ആരോഗ്യ വകുപ്പും നിപ െൈവറസ് ബാധിച്ച് മരിച്ച ആളുമായി നേരിട്ട് സമ്പർക്കമുള്ള ആംബുലൻസ് ഡ്രൈവറോട് കാണിക്കുന്ന സമീപനം ആശങ്ക ഉളവാക്കുന്നതാണെന്നും ഇത് സർക്കാർ ഗൗരവമായി കാണണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
