
ഒരു ഫാമിലി ഫാമിൽ നിന്നും എട്ട് സൂചികൾ വിഴുങ്ങിയ കുട്ടിക്ക് രക്ഷകരമായി ഡോക്ടർമാർ. കുട്ടിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമ്മ ജോലി ചെയ്യുന്ന പെറുവിലെ താരാപോട്ടോയിലെ ഫാമിൽ കളിക്കുകയായിരുന്നു കുട്ടി. ആ സമയത്താണ് പശുക്കളെ കുത്തിവയ്ക്കാൻ വേണ്ടി കൊണ്ടുവന്ന സൂചികൾ കുട്ടി വിഴുങ്ങിയത്.
വളരെ പെട്ടെന്ന് തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എക്സ് റേയിൽ എട്ട് സൂചികളും അവന്റെ ദഹനവ്യൂഹത്തിൽ നിന്നും കണ്ടെത്തി. രണ്ടെണ്ണം അപകടകരമാം വിധത്തിൽ മലാശയത്തിനും മൂത്രസഞ്ചിയ്ക്കും സമീപത്തായിരുന്നു. കുട്ടിയുടെ ചെറുകുടലിനും കേടുപാടുകൾ സംഭവിച്ചു.
രണ്ട് മണിക്കൂറിനുള്ളിൽ എട്ട് സൂചികളാണ് ഡോക്ടർമാർ നീക്കം ചെയ്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂർച്ചയുള്ള വസ്തുക്കൾ വിഴുങ്ങുന്നത് അങ്ങേയറ്റം അപകടകരമാണ്. കാരണം അവ ആന്തരിക അവയവങ്ങളിൽ തുളച്ചു കയറുകയും വലിയ രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും എന്ന് മാധ്യമങ്ങളോട് സംസാരിച്ച സർജൻ എഫ്രെയിൻ സലാസർ ടിറ്റോ പറഞ്ഞു.
കുട്ടിയുടെ ശസ്ത്രക്രിയ കുറച്ച് ബുദ്ധിമുട്ടായിരുന്നു. എങ്കിലും അത് പൂർത്തിയാക്കാൻ സാധിച്ചു. ദൈവത്തിന്റെ കൂടി പിന്തുണയോടെ അത് പൂർത്തിയാക്കാൻ സാധിച്ചു. എല്ലാ സൂചിയും പുറത്തെടുത്തു എന്നും എഫ്രെയിൻ സലാസർ ടിറ്റോ പറഞ്ഞു.
തന്റെ മകനെ രക്ഷിച്ച ഡോക്ടർമാരോട് കുട്ടിയുടെ അമ്മ നർലി ഒലോർട്ടെഗി പിസ്കോ നന്ദി പറഞ്ഞു. ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലും ശസ്ത്രക്രിയയും ഇല്ലായിരുന്നെങ്കിൽ തന്റെ മകന്റെ ആരോഗ്യനില വഷളാകുമായിരുന്നു. അതിന്റെ ഫലം മറ്റൊന്നാകുമായിരുന്നു എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഒപ്പം, താൻ ഒറ്റയ്ക്കാണ് മകനെ വളർത്തുന്നത് അതിനാൽ തന്നെ താൻ ജോലിക്ക് വരുമ്പോൾ മകനെ നോക്കാൻ ആരുമില്ല. അതുകൊണ്ട് കൂടെ കൂട്ടുകയല്ലാതെ നിർവാഹമില്ല എന്നും അവർ പറഞ്ഞു. ഏതായാലും കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടു.
Last Updated Sep 16, 2023, 7:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]