
ന്യൂഡൽഹി∙ അഭ്യൂഹങ്ങളിൽ നിറഞ്ഞുനിന്നവരെയെല്ലാം ഒഴിവാക്കിയാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി
ബിജെപി തിരഞ്ഞെടുത്തത്. പാർട്ടിയുമായി ഉടക്കി പടിയിറങ്ങിയ
പകരക്കാരനായി തലമുതിർന്ന നേതാവിനെ തന്നെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്.
കൂടാതെ ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള നേതാവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കു നിയോഗിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ മാനങ്ങളും ഒട്ടേറെയാണ്.
∙ ആർഎസ്എസിലൂടെ ബിജെപിയിലേക്ക്
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി.പി.രാധാകൃഷ്ണൻ. 1957 ഒക്ടോബർ 20ന് തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുണ്ട്.
ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1974ൽ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.
1996ൽ തമിഴ്നാട് ബിജെപിയുടെ സെക്രട്ടറിയായി നിയമിതനായി. 1998ൽ കോയമ്പത്തൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട് ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ചു.
1999ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കാലയളവിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി (ടെക്സ്റ്റൈൽസ്) ചെയർമാനായി രാധാകൃഷ്ണൻ സേവനമനുഷ്ഠിച്ചു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും (പിഎസ്യു) ധനകാര്യത്തിനായുള്ള കൺസൽട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.
സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിക്കുന്ന പ്രത്യേക പാർലമെന്ററി കമ്മിറ്റിയുടെയും ഭാഗമായിരുന്നു. 2004ൽ ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഭാഗമായി അദ്ദേഹം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.
തായ്വാനിലേക്കുള്ള ആദ്യത്തെ ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിലും അംഗമായിരുന്നു.
2004 മുതൽ 2007 വരെ, ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റായിരുന്നു രാധാകൃഷ്ണൻ. ഈ സമയത്ത് 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’യും സംസ്ഥാനത്ത് നടത്തി.
ഇന്ത്യയിലെ നദികളെ ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏക സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, ലഹരിമരുന്നുകൾക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര. പിന്നീട് രണ്ടു പദയാത്രകൾ കൂടി അദ്ദേഹം നയിച്ചു.
∙ മോദിയുടെ വിശ്വസ്തൻ
മുൻ പ്രധാനമന്ത്രി എ.ബി.
വാജ്പേയിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു സി.പി.രാധാകൃഷ്ണൻ. എന്നാൽ പ്രവർത്തനശൈലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ രീതിയാണ് പിന്തുടരുന്നതെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിലെ അഭിപ്രായം.
ആദ്യ മോദി മന്ത്രിസഭയുടെ സമയത്ത് കൊച്ചി ആസ്ഥാനമായ കയർ ബോർഡിന്റെ ചെയർമാനായിരുന്നു സി.പി.രാധാകൃഷ്ണൻ. അന്നു കേരളത്തിനു ലഭിക്കേണ്ടിയിരുന്ന ചെയർമാൻ സ്ഥാനമാണ് തമിഴ്നാട്ടിൽനിന്നുള്ള രാധാകൃഷ്ണനു ലഭിച്ചത്.
ഇന്ത്യയുടെ കയർ കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 2,532 കോടി രൂപയിലെത്തിയത് രാധാകൃഷ്ണൻ ചെയർമാനായിരുന്ന സമയത്താണ്. 2020 മുതൽ രണ്ടു വർഷം കേരള ബിജെപിയുടെ ചുമതലയും (പ്രഭാരി) വഹിച്ചിട്ടുണ്ട്.
2023 ഫെബ്രുവരി 18ന്, സി.പി.രാധാകൃഷ്ണനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു.
അധികാരമേറ്റ് നാല് മാസത്തിനുള്ളിൽ അദ്ദേഹം സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് പൗരന്മാരുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് സംവദിച്ചു. തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതലും വഹിച്ചു.
2024 ജൂലൈ 31നാണ് രാധാകൃഷണൻ മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വർഷത്തിനു ശേഷം ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനാർഥിത്വവും.
∙ തമിഴ് ഘടകം
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിഹാറിൽനിന്നുള്ളയാളാകും അടുത്ത ഉപരാഷ്ട്രപതിയെന്ന അഭ്യൂഹം ശക്തമായിരുന്നു.
നിലവിലെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷിനെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നറുക്കുവീണത് സി.പി.രാധാകൃഷ്ണനായിരുന്നു.
അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. അണ്ണാഡിഎംകെയുമായി വീണ്ടും സഖ്യം രൂപീകരിച്ച ബിജെപി, തമിഴ്നാട്ടിൽ മികച്ച പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ്.
ഭരണകക്ഷിയായ ഡിഎംകെയ്ക്കും നടൻ വിജയ്യുടെ ടിവികെയ്ക്കുമെതിരെയാണ് അണ്ണാഡിഎംകെ– ബിജെപി പോരാട്ടം. സി.പി.രാധാകൃഷ്ണനെ ഡിഎംകെയുടെ ഉൾപ്പെടെ പിന്തുണയോടെ വിജയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]