
ദില്ലി: ദില്ലിയിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂണിന്റെ ശവകുടീര സമുച്ചയത്തിനുള്ളിലെ ദർഗ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 7 ആയി. മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ദുർബലമായ അടിത്തറയും തുടർച്ചയായുണ്ടാ ചോർച്ചയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
മരിച്ചവരിൽ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴാമത്തെ വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
മരിച്ചവരെല്ലാം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ദില്ലി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കെട്ടിടം അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട വീഴ്ച , മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ അശ്രദ്ധമായ പ്രവർത്തി, അശ്രദ്ധമൂലം മരണം സംഭവിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അപകടം നടന്ന ഉടനെ അഗ്നി ശമന സേന, ദേശീയ ദുരന്ത നിവാരണ സേന (എൻ ഡി ആർ എഫ്), ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മതപരമായ ഏലസ്സുകൾ തയ്യാറാക്കി നൽകുന്നതിന് പേരുകേട്ട
ദർഗയിലെ ഇമാമിനെ കാണാൻ ആളുകൾ ഒത്തുകൂടിയ സമയത്താണ് കെട്ടിടം തകർന്നുവീണത്. ഇമാം അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം ഹുമയൂണിൻ്റെ ശവകുടീരത്തോട് ചേർന്നല്ല അപകടം നടന്നതെന്ന് പുരാവസ്തു വകുപ്പ് വിഭാഗത്തിലെ ഉന്നതർ വിശദീകരിച്ചു.
ഹുമയൂൺ ശവകുടീര സ്മാരകത്തിൻ്റെ മതിൽകെട്ടിന് പുറത്താണ് അപകടം ഉണ്ടായത്. ശവകുടീരത്തിന് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ഹുമയൂൺ ശവകുടീരത്തിന് കേടുപാടുകൾ സംഭവിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]