First Published Aug 17, 2024, 4:49 PM IST | Last Updated Aug 17, 2024, 4:49 PM IST
കൊച്ചി: മൂന്നാംഘട്ട ഫയൽ അദാലത്തിൽ 2100 അപേക്ഷകൾ ലഭിച്ചെന്നും 872 അപേക്ഷകൾ തീർപ്പാക്കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിൽ തീർപ്പാക്കിയ 460 അപേക്ഷകൾ നിയമന ഉത്തരവുമായി ബന്ധപ്പെട്ടുള്ളതാണ്. ജൂലൈ 26ന് എറണാകുളത്ത് നടത്തിയ ഫയൽ അദാലത്തിൽ 1,446 അപേക്ഷകളിൽ 1,084 അപേക്ഷകൾ തീർപ്പാക്കാനായി. ഇതിൽ 261 തീർപ്പാക്കിയ അപേക്ഷകൾ നിയമന അംഗീകാരം സംബന്ധിച്ചുള്ളതായിരുന്നു.
ഓഗസ്റ്റ് അഞ്ചിന് കൊല്ലത്ത് നടത്തിയ ഫയൽ അദാലത്തിൽ 1,051 അപേക്ഷകളാണ് ലഭ്യമായത്. അതിൽ 692 അപേക്ഷകൾ തീർപ്പാക്കാനായി. ഇവയിൽ 407 തീർപ്പാക്കിയ അപേക്ഷകൾ നിയമന അംഗീകാരം സംബന്ധിച്ചുള്ളതായിരുന്നു. മൂന്ന് അദാലത്തുകളിലായി 4591 അപേക്ഷകൾ ലഭിച്ചപ്പോൾ 2648 അപേക്ഷകൾ തീർപ്പാക്കാനായി. ഇതിൽ നിയമന ഉത്തരവുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം 1128 ആണ്.
ദുരന്തം വേട്ടയാടിയ വയനാടിനായി പ്രത്യേക അദാലത്ത് നടത്തും. മുഴുവൻ ജില്ലകളെയും കണക്കിലെടുത്ത് സംസ്ഥാനതലത്തിൽ ഒരു മെഗാ അദാലത്ത് കൂടി ഡിജി ഓഫീസും സെക്രട്ടറിയേറ്റും കേന്ദ്രീകരിച്ച് നടത്തും. ഇതോടെ നിയമ പ്രശ്നങ്ങളിൽ കുരുങ്ങാത്ത മിക്ക ഫയലുകളും തീർപ്പാക്കാൻ ആകും എന്നാണ് കരുതുന്നത്.
വയനാട്
വെളളാർമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിനെ തുടർന്ന് ആ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിനും മുണ്ടക്കൈ ഗവൺമെന്റ് എൽപി. സ്കൂളിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉരുൾപ്പൊട്ടലിനു മുമ്പ് മേപ്പാടി പഞ്ചായത്തിലെ വാർഡ് 12-ൽ സ്ഥിതി ചെയ്തിരുന്ന ജിവിഎച്ച്എസ്. വെള്ളാർമലയിൽ (എച്ച്.എസ്) 497 കുട്ടികളും, ജിവിഎച്ച്എസ് വെളളാർമല (വിഎച്ച്എസ്ഇ) -ൽ 88 കുട്ടികളും 20 അധ്യാപകരും 11 അനധ്യാപകരും ഉൾപ്പെടെ ആകെ 31 ജീവനക്കാരും, ഇതേ പഞ്ചായത്തിലെ വാർഡ് 11-ൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് എൽപി സ്കൂൾ മുണ്ടക്കൈ-ൽ 73 കുട്ടികളും ഏഴ് ജീവനക്കാരും ആണ് ഉണ്ടായിരുന്നത്. ആയതിൽ പ്രാഥമിക കണക്കു പ്രകാരം 17 കുട്ടികളെ കാണാതാവുകയും 36 കുട്ടികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി
ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെ 552 കുട്ടികൾ, ജിഎൽപിഎസ് മുണ്ടക്കൈയിലെ 62 കുട്ടികൾ എന്നിവർക്കുള്ള അധിക സൗകര്യങ്ങൾ ജിഎച്ച്എസ്എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എപിജെ ഹാളിലും ഒരുക്കുന്നതിന് നടപടിയായി.
ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതിനായി ജിഎച്ച്എസ് മേപ്പാടിയിൽ 12 ക്ലാസ് മുറികൾ 2 ഐടി ലാബ്, ഓഫീസ് സ്റ്റാഫ് റൂം എന്നിവയും ജിഎച്ച്എസ് മുണ്ടക്കൈയിലെ കുട്ടികൾക്കായി എപിജെ ഹാളിൽ ലഭ്യമായ ഇടം അഞ്ചാം ക്ലാസ് മുറികളും ലഭ്യമാക്കി.
ഉച്ചഭക്ഷണം :- ജിവിഎച്ച്എസ്എസ് വെള്ളാർമലയുടെ അടുക്കള ജിഎൽപിഎസ് മേപ്പാടിയുടെ അടുക്കളയോട് ചേർന്ന് പ്രവർത്തിക്കും. അതുപോലെ ജിഎൽപിഎസ് മുണ്ടക്കൈയുടെ അടുക്കള ജിഎച്ച്എസ്എസ് മേപ്പാടിയിലും പ്രവർത്തിക്കും.
ടെക്സ്റ്റ് ബുക്ക് :- പുസ്തകങ്ങൾ നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വഴി പുസ്തകങ്ങൾ ലഭ്യമാക്കി.
യൂണിഫോം:- ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെയും ജിഎൽപിഎസ് മുണ്ടക്കൈയിലേയും യൂണിഫോം ആവശ്യമായ 282 കുട്ടികൾക്കുള്ള യൂണിഫോം ഹാൻവീവ്, എസ്എസ്കെ എന്നിവ വഴി തുണി ലഭ്യമാക്കി തയ്ച്ച് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
പഠനോപകരണ കിറ്റ് – മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ നിന്നും 668 കിറ്റ് ലഭിച്ചു. കൂടുതൽ ആവശ്യമായവ ജില്ലാ ഭരണകൂടം വഴിയും ലഭ്യമാക്കിയിട്ടുണ്ട്.
ഫർണിച്ചർ- ജിവിഎച്ച്എസ്എസ് വെള്ളാർമലയിലെയും ജിഎൽപിഎസ് മുണ്ടക്കൈയിലെയും ഉപയോഗയോഗ്യമായ ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്തും മേപ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് വൃത്തിയാക്കി പുതിയ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിന് നടപടി എടുത്തു.
ശുചിമുറികൾ:- നിലവിൽ വിദ്യാലയത്തിൽ ലഭ്യമായ സൗകര്യങ്ങൾക്ക് പുറമെ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ 20 ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പാചക ഉപകരണങ്ങൾ:- രണ്ട് വിദ്യാലയങ്ങളുടേയും പാചകത്തിനായുള്ള ഉപകരണങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. അവ പുന:സ്ഥാപിക്കുന്നതിന് വിവിധ എൻജിഒകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപടികൾ എടുത്തുവരുന്നു.
ലാപ് ടോപ്പ് /കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, ഐടി ലാബ് എന്നിവ കൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നതിന് നടപടിയായി.
കൗൺസിലിംഗ്/ബ്രിഡ്ജിംഗ്:- കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നിവർക്കുള്ള മാനസിക പിന്തുണാ പ്രവർത്തനങ്ങൾ എസ്.എസ്.കെ, എസ്.സി ഇ.ആർ ടി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു.
യാത്രാസൗകര്യം:- മന്ത്രിതല ഉപസമിതി തീരുമാനപ്രകാരം കട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഗതാഗത സൗകര്യങ്ങൾ കൂടുതലായി ഒരുക്കുന്നതിന് ധാരണയായി.
അധിക സൗകര്യങ്ങൾ:- മേപ്പാടി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആദ്യ ഘട്ടത്തിൽ 12 ക്ലാസ്സ് റൂമുകൾ, 10 ടോയ്ലറ്റുകൾ തുടങ്ങിയവ കുട്ടികൾക്കായി 45 മുതൽ 90 ദിവസത്തിനകം പണിതു നൽകാമെന്നും, രണ്ടാം ഘട്ടത്തിൽ സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത് കുട്ടികൾക്ക് ഹോസ്റ്റൽ സംവിധാനം നിർമ്മിച്ചു നൽകുന്നതിനുളള സന്നദ്ധത അറിയിച്ചു കൊണ്ടും ആയതിലേക്ക് 4 കോടി രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്നും ബിൽഡിംഗ് കോൺട്രാക്ടെഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അത് പരിശോധിച്ച് വേണ്ടത് ചെയ്യും.
ഭിന്നശേഷി നിയമനം
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 23/06/2024 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ്. ഇതിൽ കോർപ്പറേറ്റ്-468, വ്യക്തിഗതം-2659 ആണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം:- 1204 ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]