
അടൽ ബിഹാരി വാജ്പേയി ട്രാൻസ് ഹാർബർ ലിങ്ക് ബ്രിഡ്ജിൽ (അടൽ സേതു) നിന്നും കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും ചേര്‍ന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. 57 കാരിയായ സ്ത്രീ പാലത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ മുടിയില്‍ പിടിച്ച് വലിച്ചാണ് ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസും കൂടി സാഹസികമായ രക്ഷപ്പെടുത്തിയത്. പാലത്തില്‍ ഒരു കാര്‍ നിര്‍ത്തിയതായും യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായും വിവരം ലഭിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് ട്രാഫിക് പോലീസ് എത്തിയത്.
“അവരുടെ ശ്രമത്തെ കുറിച്ച് പോലീസിന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഒരു പട്രോളിംഗ് വാഹനം സംഭവസ്ഥലത്തേക്ക് പോയത്. പോലീസ് അവരെ സമീപിക്കുമ്പോള്‍ അവര്‍ സമനില തെറ്റി കടലിലേക്ക് വീഴാന്‍ പോവുകയായിരുന്നു. എന്നാൽ, ഒരു ക്യാബ് ഡ്രൈവറും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും കൃത്യസമയത്ത് അവളെ തടഞ്ഞുനിർത്തി രക്ഷിക്കാൻ കഴിഞ്ഞു, ” ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അടൽ സേതുവിന്റെ കൈവരിക്ക് പുറത്ത് കടലിലേക്ക് തള്ളി ഒരു സ്ത്രീ ഇരിക്കുന്നതും. റോഡില്‍ ഒരു ടാക്സി കാറും ഡ്രൈവറും നില്ക്കുന്നതും കാണാം. ഇരുവരുടെയും അടുത്തേക്ക് ട്രാഫിക് പോലീസിന്റെ ജീപ്പ് എത്തുമ്പോള്‍ സ്ത്രീ പെട്ടെന്ന് കടലിലേക്ക് മറിയുന്നു. എന്നാല്‍ ക്യാബ് ഡ്രൈവര്‍ ഒരു നിമിഷം പോലും കളയാതെ പാലത്തിന്റെ കൈവരിക്കുള്ളിലൂടെ കൈ നീട്ടി അവരുടെ തലമുടിയില്‍ പിടിക്കുന്നതും വീഡിയോയില്‍ കാണാം. മുടിയില്‍ നിന്നും ക്യാബ് ഡ്രൈവറുടെ കൈ വിടുവിക്കാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെ നാല് ട്രാഫിക് പോലീസുകാര്‍ ഓടിയെത്തി അവരെ അതിസാഹസികമായി രക്ഷപ്പെടുത്തുന്നു.
സംഭവത്തിന്റെ വീഡിയോ സിപി മുംബൈ പോലീസ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പങ്കുവയ്ക്കപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ പിഎൻ ലളിത് ഷിർസത്ത്, പിഎൻ കിരൺ മഹ്ത്രെ, പിസി യാഷ് സോനവാനെ, പിസി മയൂർ പാട്ടീൽ എന്നിവരുടെ ശ്രമമാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒപ്പം ‘ജീവിതമെന്ന സമ്മാനത്തെ വിലമതിക്കണമെന്നും അത്തരം സാഹചര്യങ്ങളിൽ മനസിലുള്ള തോന്നലുകള്‍ക്ക് അനുസൃതമായി പ്രവർത്തിക്കരുതെന്നും ഞാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. ഒരിക്കലും മറക്കരുത്, നിങ്ങളുടെ പ്രിയപ്പെട്ടവർ മികച്ചത് അർഹിക്കുന്നു.’ എന്നും കുറിച്ചു.
വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മുളുണ്ട് സ്വദേശിനിയായ സ്ത്രീ, ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ അടല്‍ പാലത്തിന് മുകളില്‍ വച്ച് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ സമയം വിവരം ട്രാഫിക് പോലീസിനും ലഭിച്ചതിനാല്‍ വലിയൊരു അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. സ്ത്രീയെ നവി മുംബൈയിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാരെ വിളിച്ച് വരുത്തി. അതേസമയം ചില ആചാരങ്ങളുടെ ഭാഗമായി താന്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ നിമജ്ജനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ജൂലൈയില്‍ 38 -കാരനായ ഒരു എഞ്ചിനീയര്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് അടല്‍ സേതുവില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]