
കല്‍പ്പറ്റ: കുള്ളനെന്ന പേരില്‍ പനമരത്തിനടുത്ത നടവയലിലെ വനാതിര്‍ത്തി ഗ്രാമമായ നെയ്ക്കുപ്പയിൽ വിലസുന്ന കാട്ടാനയെക്കൊണ്ട് വലഞ്ഞ് നാട്ടുകാർ. ജനവാസ മേഖലയിൽ കൂളായി വിലസുന്ന കാട്ടാനയ്ക്ക് ഇഷ്ടം സോപ്പും സോപ്പുപൊടിയുമാണ്.
പുരയിടങ്ങളിലെത്തുന്ന കുള്ളന്‍ പരതി നടക്കുന്നത് സോപ്പ് എടുത്ത് കഴിക്കാനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റു ഭക്ഷണ സാധനങ്ങളെക്കാള്‍ കുള്ളന്‍ ഇഷ്ടപ്പെടുന്നത് തുമ്പിക്കൈ എത്തിക്കാവുന്ന കുളിമുറികളിലും അടുക്കളയിലുമൊക്കെ വച്ചിരിക്കുന്ന സോപ്പും സോപ്പുപൊടിയുമാണ്.
ഏതാനും ദിവസങ്ങളായി വൈദ്യുതിവേലി നൂഴ്ന്ന് കടന്ന് ജനവാസപ്രദേശങ്ങളില്‍ എത്തുന്നുണ്ട് കുള്ളന്‍. നെയ്ക്കുപ്പയിലെ വനത്തോട് ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ വനംവകുപ്പ് കാട്ടാനകളെ പ്രതിരോധിക്കാനായി വൈദ്യുത വേലികള്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം വേലികളിലെ തകരാറുള്ള ഇടങ്ങളില്‍ ഒന്ന് കൂടിയാണ് നെയ്ക്കുപ്പ. വേലിയിലെ അപാകതകള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നെയ്ക്കുപ്പയിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചയായി വിലസുകയാണ് കുള്ളന്‍ കാട്ടാന. ഫെന്‍സിങ് ഉണ്ടായിട്ടും അതിവിദഗ്ധമായി ജനവാസ കേന്ദ്രത്തിലെത്തുന്ന ആന വന്‍ നാശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വരുത്തിയത്.
സോപ്പും സോപ്പുപൊടിയും ഭക്ഷണമാക്കുന്നതിനൊപ്പം തന്നെ പട്ടിക്കൂട്, കോഴിക്കൂട്, റബ്ബര്‍ പുകപ്പുര, കുടിവെള്ള ടാങ്ക് എന്നിവയൊക്കെ തകര്‍ത്താണ് പോയത്. കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ രാത്രിയില്‍ നെയ്ക്കുപ്പയിലെത്തിയ കുള്ളന്‍ കാരക്കൂട്ടത്തില്‍ കെ.സി. ബിജുവിന്റെ വെള്ളടാങ്കും പട്ടിക്കൂടും നശിപ്പിച്ചു.
താഴത്തുവീട്ടില്‍ ബേബി മാത്യുവിന്റെ കാറിനും, പട്ടിക്കൂടിനും കേടുപാടുകള്‍ വരുത്തി. കൂടാതെ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ വീടുകളിലെത്തി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
കഴിഞ്ഞ ദിവസം കാട്ടാന ഇവിടെയുള്ള ഒരു തോട്ടത്തില്‍ കറങ്ങി നടക്കുന്നതിന്റെ വീഡിയോ തൊഴിലുറപ്പ് തൊഴിലാളികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കുള്ളന്‍ പുറമെ മറ്റൊരു ആനയും രാത്രിയായാല്‍ നെയ്ക്കുപ്പയില്‍ ഇറങ്ങുന്നുണ്ട്.
നിരന്തരം കാട്ടാനകളുടെ ആക്രമണമുണ്ടായതോടെ ജനങ്ങള്‍ ഭീതിയിലാണ്. കുള്ളനെ അടക്കം തുരത്താനുള്ള നടപടികള്‍ ഉടന്‍ തുടങ്ങണമെന്നാണ് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]