
രാമായണം തോരാതെ പെയ്യുന്ന കാലമാണിനി. കർക്കടകത്തിൽ രാമായണ പാരായണത്തിനൊപ്പം നാലമ്പലദർശനവും പുണ്യമാണെന്നാണ് വിശ്വാസം.
ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്നതാണ് നാലമ്പല ദർശനം. കേരളത്തിൽ പലയിടത്തും നാലമ്പലദർശനമുണ്ട്.
ഇതിൽ ഏറ്റവും പ്രസിദ്ധമാണ് തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്നൻ ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളിലെ ദർശനം.
തൃപ്രയാറിൽ തുടങ്ങി കൂടൽ മാണിക്യം, മൂഴിക്കുളം വഴി പായമ്മലിൽ എന്നാണ് നാലമ്പല ദർശനത്തിന്റെ ക്രമം. കർക്കടകത്തിൽ ഭക്തരുടെ പ്രവാഹം കണക്കിലെടുത്ത് നാലു ക്ഷേത്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
തൃപ്രയാർ
നാലമ്പല ദർശനത്തിന്റെ ആരംഭം തൃപ്രയാറിലാണ്.
വലംകയ്യിൽ വില്ലും ഇടംകയ്യിൽ ശംഖുചക്രങ്ങളുമായാണ് ശ്രീരാമപ്രതിഷ്ഠ. കന്നിമാസത്തിലെ തിരുവോണ നാളിൽ ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം എന്ന സേതുബന്ധനം ചടങ്ങ് മറ്റൊരു ശ്രീരാമ ക്ഷേത്രത്തിലുമില്ലാത്ത സവിശേഷതയാണ്.
സുന്ദരകാണ്ഡം വായന വഴിപാട് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. പുലർച്ചെ മൂന്നിനു നട
തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ട്.
5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30 വരെയും ദർശനമുണ്ടാവില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം
ദർശനത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പൂർണമായി.
ഏകദേശം 5000 പേർക്ക് വരിയിൽ നിൽക്കാനുള്ള സൗകര്യമുണ്ട്. ചുറ്റമ്പലത്തിൽ ബാരിക്കേഡുകളും കൈവരികളും പന്തലും സ്ഥാപിച്ചു.
വടക്കേ നടയിൽ ഫ്ലൈഓവർ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തും 5000 പേർക്ക് വരിനിൽക്കാൻ കഴിയുന്ന വിധത്തിലാണ് ഒരുക്കം.
ദർശനത്തിനായി ഭക്തർ പടിഞ്ഞാറെ നടപ്പന്തലിൽ എത്തിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക.
വഴി
∙ എറണാകുളത്ത് നിന്ന് ചാലക്കുടി വഴി പുതുക്കാട് സെന്ററിൽ നിന്ന് ഇടതു തിരിഞ്ഞ് പാഴായി, ഊരകം സെന്ററിൽ എത്തി ഇടത്തോട്ട് രാജാ കമ്പനി സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് ഹെർമ്പർട്ട് കനാലിൽ എത്തി ഇടത്തോട്ട് 7 കി.മീ.
∙ എറണാകുളത്തു നിന്ന് പറവൂർ, കൊടുങ്ങല്ലൂർ വഴിയും എത്താം
∙ തൃശൂരിൽനിന്ന് പാലയ്ക്കൽ, ചേർപ്പ്, പഴുവിൽ, പെരിങ്ങോട്ടുകര വഴിയും ഒളരി, കാഞ്ഞാണി, വാടാനപ്പിള്ളി, തളിക്കുളം വഴിയും എത്താം.
∙ വടക്കുനിന്ന് ചാവാക്കാട്, വാടാനപ്പള്ളി, തളിക്കുളം വഴിയും എത്താം.
കൂടൽമാണിക്യം
തൃപ്രയാറിൽനിന്ന് കൂടൽമാണിക്യത്തിലേക്കാണ് എത്തേണ്ടത്. ഭരതനാണ് പ്രതിഷ്ഠ.
സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 3 വരെയുമാണ് ദർശനം സമയം വൈകിട്ട് 5 മുതൽ 8.30 വരെ. അവസാനത്തെ തീർഥാടകനും ദർശനം നടത്തിയതിന് ശേഷം മാത്രമേ നട
അടയ്ക്കൂ.
കിഴക്കേ ഗോപുര നടയ്ക്ക് പുറത്ത് നിന്നു മുതൽ മഴയും വെയിലുമേൽക്കാതെ ഭക്തർക്ക് ക്ഷേത്ര മതിൽക്കെട്ടിന് അകത്തേക്ക് പ്രവേശിക്കുന്ന ഭാഗം വരെ പന്തൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ കിഴക്കേ നടപ്പുരയുടെ തെക്കുഭാഗത്ത് ഒരുക്കിയിട്ടുള്ള വിശാലമായ പന്തലിൽ അയ്യായിരം പേർക്ക് വരിയിൽ നിൽക്കാതെ ഇരിക്കാനുള്ള സൗകര്യവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.
8.15 വരെയാണ് ദർശനം.
വഴി
∙ തൃപ്രയാർ – കൂടൽമാണിക്യം. പാലം കടന്ന് താന്ന്യം പഴുവിൽ കാട്ടൂർ വഴി എത്താം.
(19 കി.മീ)
∙ ദേശീയപാതയിൽ എറണാകുളം റൂട്ടിൽ തുടങ്ങി മൂന്നുപീടിക എത്തി ഇടതുതിരഞ്ഞ് നേരേ ഇരിങ്ങാലക്കുട. (21 കി.മീ).
മൂഴിക്കുളം
എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ക്ഷേത്രം.
ലക്ഷ്മണനാണ് പ്രതിഷ്ഠ. കൂടൽമാണിക്യം ക്ഷേത്രത്തിൽനിന്ന് 31 കിലോമീറ്ററാണ് ദൂരം.
സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ദർശന സമയം
വഴി
∙ ഇരിങ്ങാലക്കുടയിൽ നിന്ന് പുല്ലൂർ വഴി കൊമ്പിടിയിലെത്താം. അവിടെനിന്ന് മാള- അന്നമനട
വഴി പൂവത്തുശേരിയിലെത്തുക. ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കു 2 കിലോമീറ്ററാണ് ദൂരം.
∙ അഷ്ടമിച്ചിറ ജംക്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സമ്പാളൂർ റോഡ് വഴിയും അന്നമനടയിൽ എത്താം.
പായമ്മൽ
നാലമ്പല തീർഥാടനത്തിലെ അവസാന ക്ഷേത്രം. ശത്രുഘ്നനാണ് പ്രതിഷ്ഠ.
നാലമ്പല തീർഥാടന കാലത്തും രാവിലെ 5.30ന് നട തുറന്ന് 2ന് അടയ്ക്കും തുടർന്ന് വൈകിട്ട് 4.30 മുതൽ രാത്രി 9 വരെയായിരിക്കും ദർശന സമയം.
ഭക്തർ കിഴക്കേ നടയിലൂടെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിച്ച് ശ്രീകോവിലിൽ ദർശനം നടത്തി വടക്കേ നടയിലൂടെ പുറത്തേക്ക് ഇറങ്ങാവുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
വഴി
∙ മൂഴിക്കുളം ജംക്ഷനിൽ നിന്ന് പൂവത്തുശേരിയിലെത്തി അന്നമനട- കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിലെത്തി പായമ്മൽ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം. 29 കിലോമീറ്റർ ദൂരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]