
വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാര ഇടപാടുകൾ തുടർന്നാൽ ഇന്ത്യക്കും, ചൈനയ്ക്കും, ബ്രസീലിനുമെതിരെ ഉപരോധമേർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യു എസ് സെനറ്റർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റുട്ടെയുടെ ഭീഷണി പ്രസ്താവന.
യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യ അമ്പത് ദിവസത്തിനകം സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്നടക്കമുള്ള ഭീഷണിയാണ് റഷ്യക്കുള്ള അന്ത്യശാസനത്തിൽ ട്രംപ് നൽകിയത്.
ഇതിനൊപ്പം റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ രണ്ടാം നിര ഉപരോധം ഏർപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നാറ്റോ സെക്രട്ടറി റുട്ടെയുടെ പ്രസ്താവന.
റഷ്യ നാല് തവണ പറ്റിച്ചെന്ന് ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്നാണ് ബി ബി സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് ആരോപിച്ചത്.
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു. നാറ്റോ സൈനിക സഖ്യം കാലഹരണപ്പെട്ടിട്ടില്ലെന്നും മറിച്ചാണിപ്പോൾ തനിക്ക് തോന്നുന്നതെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
യുക്രൈൻ യുദ്ധത്തിൽ പുടിനോടുള്ള അതൃപ്തി വർദ്ധിച്ചുവരുന്നതായി സൂചിപ്പിക്കുന്ന നിരവധി പ്രതികരണങ്ങൾക്ക് ശേഷമാണ് ട്രംപ് താരിഫ് ഏര്പ്പെടുത്തുമെന്ന ഭീഷണി മുഴക്കിയത്. വെടിനിർത്തൽ ചർച്ചകൾക്ക് ശേഷവും മിസൈൽ ആക്രമണങ്ങൾ തുടരുന്നതിന് ട്രംപ് റഷ്യൻ പ്രസിഡന്റിനെ വിമർശിച്ചു.
പുടിനിൽ താൻ അതീവ നിരാശനാണ്. അദ്ദേഹം പറയുന്നത് അർത്ഥമാക്കുന്ന ഒരാളാണെന്ന് കരുതി.
അദ്ദേഹം മനോഹരമായി സംസാരിക്കും, എന്നിട്ട് രാത്രി ആളുകളെ ബോംബിട്ട് കൊല്ലും. തനിക്കിത് ഇഷ്ടമല്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.
നേരിടാൻ തയ്യാറെന്ന് റഷ്യ യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് രംഗത്തെത്തിയിരുന്നു. യു എസ് പ്രസിഡന്റിന്റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ട്രംപിന്റെ 50 ദിവസത്തെ വെടിനിർത്തൽ അന്ത്യശാസനത്തോട് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. യു എസ് പ്രസിഡന്റിനെ ഇതെല്ലാം ചെയ്യാൻ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്ന് ലാവ്റോവ് പറഞ്ഞു.
പുതിയ ഉപരോധങ്ങളെ തങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നിശ്ചിത സമയത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ ലാവ്റോവ് തള്ളിക്കളഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]