

First Published Jul 16, 2024, 4:09 PM IST
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഡ്രൂഷ്ബായിലെ1 നാരറ്റൊവ് 2 ജലധാരയെപ്പോലും നിശബ്ദമാക്കി ആ കുതിരക്കുളമ്പടി ശബ്ദം അകന്നു. തെരുവില്‍ അലോഷ നിശ്ചലയായ് നിന്നു. ചുറ്റിലും മൂടല്‍ മഞ്ഞ് പോലെ. ഒരു കാലത്ത് താന്‍ ഓടിനടന്ന ആ സ്ട്രീറ്റില്‍ അവള്‍ക്ക് അപരിചിതത്വം അനുഭവപ്പെട്ടു. കണ്ണുനീര് പ്രവാഹമാണോ ആ തന്നെ അന്ധതയില്‍ എത്തിച്ചത് എന്ന് അവള്‍ക്ക് തോന്നി.
നാരറ്റൊവ് ജലധാര
അങ്ങകലെ മൂന്നുനാല് പേര്. അപരിചിതമായ ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അവര്‍ നേരെ വരുന്നുവോ…!
അവള് മെല്ലെ നടക്കാന്‍ തുടങ്ങി. അവരുടെ കാലടി ശബ്ദങ്ങള്‍ തന്നിലേക്ക് ഒഴുകിയടുക്കും പോലെ അവള്‍ക്ക് തോന്നി. അവളുടെ കാലുകളുടെ വേഗം കൂടി കുറച്ചധികം മുന്നോട്ടു നടന്നതും അകലത്തായി ഒരു തിരിനാളം കണ്ടു. ഉള്ളില്‍ ഭയത്തോടെയാണെങ്കിലും ആ വെളിച്ചത്തിനു നേര്‍ക്ക് അവള് നടന്നു.
ഇപ്പോള്‍ ശബ്ദം അകന്നു. വെളിച്ചം ഏതാണ്ട് അരികില്‍ എത്താറായപോലെ. മുന്നിലെ കാഴ്ചകള്‍ക്ക് വ്യക്തത വന്നുതുടങ്ങി.
മുനിഞ്ഞു കത്തുന്ന ഒരു പെട്രോമാക്സ് വിളക്ക്. ചെറിയൊരു കുടില്‍ പോലത്തെ വീട്. ചെറിയ തിണ്ണയെ വശങ്ങളിലേക്ക് വകഞ്ഞു മാറ്റി നടുവിലൂടെ പടവുകള്‍. അത് കയറി ചെന്നാല്‍ ചെറിയൊരു വാതില്‍. മുറ്റത്തായി മുഷിഞ്ഞ കോസവോറൊട്ക3 ധരിച്ചൊരു വൃദ്ധന്. കൈയിലൊരു സ്നോ ഷവല്‍. വീടിനു മുന്നിലെ ഐസ് കോരി മാറ്റുന്ന അയാളുടെ കൈകള്‍ നന്നായി വിറക്കുന്നുണ്ട്…
കാലടി ശബ്ദം കേട്ട് വൃദ്ധന് തലയുയര്‍ത്തി, വലതു കൈ പുരികക്കൊടികള്‍ക്ക് മുകളിലേക്കമര്‍ത്തി അവളെ നോക്കി. ഒന്നും മിണ്ടാതെ അവള് പടവുകള്‍ കയറി പെട്രോമാക്സിനു സമീപം പോയിരുന്നു.
കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം വൃദ്ധന് വേച്ചുവേച്ച് അകത്തേക്ക് കയറിപ്പോയി.
അലോഷയുടെ അപ്പോഴും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉള്ളില്‍ പാത്രങ്ങളുടെ ചെറിയ തട്ടലും മുട്ടലും കേള്‍ക്കാം. കുറച്ചു സമയത്തിനുള്ളില്‍ നിറം മങ്ങിയൊരു ഖോഖ്ലോമ4 ബൗളില്‍ കുറച്ചു കാഷയുമായി5 അയാള്‍ പുറത്തു വന്നു. അത് അവള്‍ക്കു നേരെ നീട്ടി. അവള് ദൈന്യതയോടെ അയാളെ നോക്കി.
‘Please have it…’
ആ ബൗള്‍ വാങ്ങി അത്യാര്‍ത്തിയോടെ അവളത് കോരിക്കുടിച്ചു. പിന്നെ ബൗള്‍ തറയില്‍ വച്ച് അവള് പൊട്ടിക്കരയാന്‍ തുടങ്ങി. വൃദ്ധന് അവളുടെ സമീപം ഇരുന്നു. വിറയാര്‍ന്ന കൈകള്‍ അവളുടെ തോളില്‍ വച്ചു. അവളുടെ കരച്ചിലിന്റെ ആക്കം കൂടി. അവളുടെ തലമുടിയിഴകളിലൂടെ അയാള്‍ തടവി. ആ കരച്ചില് തേങ്ങലായി മാറി. അവള് അയാളുടെ തോളിലേക്ക് ചാഞ്ഞു…
ആളുകളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അവള് ഉണര്‍ന്നത്. മെല്ലെ കണ്ണുകള്‍ തുറക്കുമ്പോള്‍ നേരം പരപരാ വെളുത്തു തുടങ്ങിയിരിക്കുന്നു. പതിയെ എഴുന്നേല്ക്കാന് ശ്രമിക്കുമ്പോള്‍ ശരീരമാകെ വേദന. രാത്രി എങ്ങനെയാ ഉറങ്ങിയത് എന്നു അവള്‍ക്ക് ഓര്‍മയില്ല. ഒരു കൈകൊണ്ട് തറയില്‍ പതുക്കെ താങ്ങി തലയുയര്‍ത്തി അവള് നോക്കി.
റോഡില്‍ അങ്ങിങ്ങായി കുറെ ആളുകള്‍. താഴെ നില്ക്കുന്ന ആളുകള്‍ അത്ഭുതത്തോടെ അവളെ നോക്കുന്നുണ്ട്. അവള് വളരെ കഷ്ടപ്പെട്ട് എണീറ്റു. താഴെ ഒരു വശത്ത് ആള്‍ക്കൂട്ടം. എങ്ങനെയോ ആ ഭാഗത്തേക്ക് അവള് ഓടി. ഒരു ഭാഗത്തു ആ സ്നോ ഷവല്‍ അവിടെ കിടപ്പുണ്ട്. മറു ഭാഗത്തു മഞ്ഞിന് പൂമെത്തയില്‍ ആ വൃദ്ധന്റെ ചേതനയറ്റ ശരീരം. വായില്‍നിന്ന് നുരയും പതയും.
‘നാനാ6… നാനാ…’
ആ പെട്രോമാക്സ് അപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.
1. റഷ്യയിലെ ഒരു നഗരം
2. റഷ്യയിലെ പ്രശസ്തമായ ജലധാര
3. റഷ്യന്‍ പുരുഷന്മാരുടെ-പ്രത്യേകിച്ച് കര്‍ഷകര്‍- പരമ്പരാഗത വേഷം.
4. റഷ്യയില്‍ സാധാരണമായ തടിയില്‍ ചിത്രപ്പണികള്‍ ചെയ്ത പാത്രം
5. കഞ്ഞിപോലുള്ള ഒരു റഷ്യന്‍ വിഭവം.
6 അച്ഛന് എന്ന അര്‍ത്ഥം വരുന്ന റഷ്യന്‍ വാക്ക്.
വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
Last Updated Jul 16, 2024, 6:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]