
മഹാറാലി സമാപാനം നാളെ; ആശാപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ച് എന്‍എച്ച്എം
തിരുവനന്തപുരം∙ ആശാ സമരസമിതി നേതാവ് എം.എ.ബിന്ദു നയിക്കുന്ന സമരയാത്ര 46ാം ദിവസം മഹാറാലിയോടെ ബുധനാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെ ആശാപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ച് എന്‍എച്ച്എം. പുതുതായി ആരംഭിച്ച ‘ശശക്ത്’ എന്ന വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയാണ് ബുധനാഴ്ച നടത്തുന്നത്.
എല്ലാ ആശാ പ്രവര്‍ത്തകരും പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് സ്റ്റേറ്റ് മിഷന് ഡയറക്ടര്‍, ജില്ലാ പ്രോഗ്രാം മനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാ വര്‍ക്കര്‍മാര്‍ ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നെറികെട്ടതും നിക്ഷിപ്ത താല്പര്യം വച്ചുള്ളതുമായ നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മാര്‍ച്ച് 17നു സെക്രട്ടറിയേറ്റ് ഉപരോധം അട്ടിമറിക്കാന്‍ അന്ന് പാലിയേറ്റീവ് ട്രെയിനിങ് വച്ചിരുന്നു.
എന്നാല്‍ അന്ന് അഞ്ച് മിനിറ്റ് ട്രെയിനിങ് പോലും സംസ്ഥാനത്ത് നടക്കുകയുണ്ടായില്ല. അതിനു പോയ ആശമാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
സര്‍ക്കാര്‍ ആശാ സമരത്തെ പരാജയപ്പെടുത്താന്‍ നടത്തുന്ന നീച രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് എന്‍എച്ച്എം കേരള ഉദ്യോഗസ്ഥര്‍ ചട്ടുകമായി മാറുന്നത് നിയമവിരുദ്ധവും അനാശാസകരമായ പ്രവണതയാണെന്നും ആശാ സമരസമിതി കുറ്റപ്പെടുത്തി.
ജൂൺ 18ന് ആശാവര്‍ക്കര്‍മാര്‍ പണിമുടക്കുമെന്ന് പ്രഖ്യാപിച്ച് ജൂണ്‍ 5ന് യൂണിയന് നിയമാനുസൃതം നോട്ടിസ് നല്‍കിയിട്ടുണ്ട്.
മുഴുവന്‍ ആശമാരും സര്‍ക്കാര്‍ ഭീഷണി തള്ളി മഹാറാലിക്ക് എത്തിച്ചേരണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദന് പറഞ്ഞു. ബുധനാഴ്ച രാവിലെ പത്തു മണിക്ക് പിഎംജി ജംക്ഷനില്‍നിന്ന് ആരംഭിക്കുന്ന മഹാറാലി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]