
സർക്കാരിന്റെ ശ്രദ്ധയ്ക്ക്: ഇനി ‘വൈകിയോടരുത്’; ആ മരങ്ങള്‍ മുറിക്കാന്‍ ഏക പോംവഴി ഇതാണ്!
തിരുവനന്തപുരം∙ ‘‘കഴിഞ്ഞ ഞായറാഴ്ചത്തെ ട്രെയിന്‍ യാത്ര ഒരിക്കലും മറക്കില്ല. അത്രത്തോളം ദുരിതമാണ് അനുഭവിച്ചത്. പാതിരാത്രിക്ക് ഏതാണ്ട് അഞ്ചു മണിക്കൂറോളമാണ് വെള്ളം പോലുമില്ലാതെ വേണാട് എക്സ്പ്രസില്‍ ഇരിക്കേണ്ടിവന്നത്. രാത്രി പത്തുമണിക്ക് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിന്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് എത്തിയത്. ഏതോ ഒറ്റപ്പെട്ട പ്രദേശത്താണ് അത്രയും നേരം ട്രെയിന്‍ പിടിച്ചിട്ടിരുന്നത്. കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലും കിട്ടാതെ ആകെ വലഞ്ഞുപോയി’’ – ചങ്ങനാശേരിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുടെ കാലവര്‍ഷക്കാലത്തെ ട്രെയിന്‍യാത്രാ ദുരിതത്തിന്റെ അനുഭവമാണിത്. കൊല്ലത്ത് മരം ട്രാക്കിലേക്ക് വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചതോടെ 13 ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടത്. ഏതാണ്ട് ആറായിരത്തോളം ആളുകള്‍ക്കാണ് രാത്രി വെള്ളവും ഭക്ഷണവും ഇല്ലാതെ കൊടുംദുരിതം അനുഭവിക്കേണ്ടിവന്നത്.
-
Also Read
റെയില്‍വേ ട്രാക്കിലേക്കു ചാഞ്ഞു നില്ക്കുന്ന മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുമ്പോള്‍ വരും ദിവസങ്ങളിലും ഇതു തന്നെയാവും ട്രെയിന്‍ യാത്രക്കാരുടെ അവസ്ഥയെന്ന കാര്യത്തില്‍ സംശയപ്പെടേണ്ടതില്ല. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി ഏതാണ്ട് പത്തോളം സ്ഥലങ്ങളിലാണ് മരങ്ങള്‍ വീണു വൈദ്യുതക്കമ്പികള്‍ പൊട്ടുന്നതു മൂലം ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടത്. അതേസമയം, മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സുപ്രധാന വിഷയം തന്റെ ശ്രദ്ധയില്പെടുത്താത്തതില് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി അബ്ദുറഹിമാന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
-
Also Read
ട്രാക്കിലേക്കു വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി റെയില്‍വേ അധികൃതര്‍ ചീഫ് സെക്രട്ടറിയെ കണ്ടെങ്കിലും ഇക്കാര്യം തന്റെ ശ്രദ്ധയില്പെടുത്തിയിട്ടില്ലെന്ന് മന്ത്രി അബ്ദുറഹിമാന് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. ‘‘ഇക്കാര്യം ഒന്നും മന്ത്രിയുടെ ഓഫിസിനെയോ മന്ത്രിയെയോ അറിയിച്ചിട്ടില്ല. ഇക്കാര്യം ആദ്യം അറിയിക്കേണ്ടത് മന്ത്രിയുടെ ഓഫിസില്‍ അല്ലേ. മരങ്ങള്‍ വീഴുന്നത് വലിയ പ്രശ്നമാണ്. അതു ചൂണ്ടിക്കാട്ടി പല തവണ റെയില്‍വേയ്ക്കു കത്തയച്ചെങ്കിലും ഒരു മറുപടിയുമില്ല. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലും ഷൊര്‍ണൂര്‍ – തൃശൂര്‍ റൂട്ടിലും ഏറ്റവും കൂടുതല്‍ മരങ്ങള്‍ വീഴുന്ന സ്ഥലമാണ്. മഴക്കാലത്ത് ഉള്‍പ്പെടെ ഇതുപോലെ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ റെയില്‍വേ അത് അറിയിക്കാറേയില്ല. പ്രധാനപ്പെട്ട റെയില്‍പാതയിലേക്കു വീഴുന്ന മരങ്ങളുടെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടത് റെയില്‍വേയാണ്’’- മന്ത്രി പറഞ്ഞു.
-
Also Read
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മരങ്ങള്‍ മുറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഡോ.മനീഷ് തപ്ലിയാലും എഡിആര്‍എം എം.ആര്.വിജിയും കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി എ.ജയതിലകിനെ കണ്ടത്. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗവും ഇലക്ട്രിക്കല്‍ ട്രാക്ഷന്‍ ഡിസ്ട്രിബ്യൂഷന്‍ വിഭാഗവുമാണു ട്രാക്കിലേക്കും വൈദ്യുതി ലൈനിലേക്കും അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റേണ്ടതെങ്കിലും നോട്ടിസ് പതിക്കുന്നതല്ലാതെ മരം മുറിക്കാന്‍ കഴിയുന്നില്ല. പലയിടത്തും വീടുകളില്‍ അതിക്രമിച്ചു കയറി നോട്ടിസ് പതിച്ചുവെന്ന് കാട്ടി വീട്ടുടമസ്ഥര്‍ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. കേസിന്റെ നൂലാമാലകള്‍ക്കു പിന്നാലെ പോകാന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥരും പിന്നീട് നടപടികള്‍ മന്ദഗതിയിലാക്കും. ഇത്തരം മരങ്ങള്‍ മുറിക്കുന്നത് ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന ആവശ്യം ഉന്നയിച്ചാണ് റെയില്‍വേ ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുന്നത്. അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് റെയില്‍വേ ലൈനുകള്‍ക്കു സമീപത്തുള്ള മരങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴി.
-
Also Read
കൊല്ലത്ത് ഞായറാഴ്ച രാത്രി കോര്പറേഷന് ഭൂമിയിലെ മരമാണു ട്രാക്കിലേക്കു വീണത്. 2011 മുതല്‍ ഈ മരം നീക്കാന്‍ റെയില്‍വേ കോര്പറേഷന് കത്ത് നല്‍കുന്നുണ്ടെങ്കിലും കോര്പറേഷന് നടപടിയെടുത്തിരുന്നില്ല. ഈ സ്ഥലത്ത് അപകടകരമായി നില്ക്കുന്ന 2 മരങ്ങള്‍ കൂടിയുണ്ട്. പോളയത്തോട് ശ്മശാനത്തിന് അടുത്ത് കൊല്ലം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനില്‍ക്കുന്ന 8 മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയിരുന്നത്. മരങ്ങള്‍ ട്രാക്കിലേക്കു ചരിഞ്ഞുനില്ക്കുകയാണെന്നും മറിഞ്ഞുവീണാല്‍ വലിയ സുരക്ഷാപ്രശ്നങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധികൃതര്‍ ഇതു പാടെ അവഗണിച്ചതാണ് ഞായറാഴ്ച രാത്രിയില്‍ പ്രതിസന്ധിക്ക് ഇടയാക്കിയത്.
-
Also Read
ഞായറാഴ്ച രാത്രി ആറും ഏഴും മണിക്കൂര്‍ വൈകിയാണു ട്രെയിനുകള്‍ തലസ്ഥാനത്ത് എത്തിയത്. രാത്രി 9.25ന് എത്തേണ്ട ജനശതാബ്ദി പുലര്‍ച്ചെ 4നാണ് തിരുവനന്തപുരത്ത് എത്തിയത്. ആയിരക്കണക്കിനു യാത്രക്കാരാണ് ഒരു മരം വീണതു മൂലം ട്രെയിനുകളില്‍ ബന്ദികളാക്കപ്പെട്ടത്. തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്കുള്ള 7 ട്രെയിനുകളും വൈകി. കനത്ത മഴയില്‍ കുടുങ്ങിയ ട്രെയിനുകളുടെ മേല്‍ക്കൂര ചോര്‍ന്നതും യാത്രക്കാരെ ദുരിതത്തിലാക്കി. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള, കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനുകളിലാണു ചില കോച്ചുകള്‍ക്കുള്ളില്‍ മഴ വെള്ളം ചോര്‍ന്നിറങ്ങിയത്.