
കൊട്ടിക്കയറി നിലമ്പൂർ, ആവേശത്തിൽ മുന്നണികൾ; ഇറാന്റെ സൈനിക കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ– പ്രധാന വാർത്തകൾ
നിലമ്പൂരിൽ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.
വ്യാഴാഴ്ചയാണ് നിലമ്പൂരിൽ വോട്ടെടുപ്പ്. ജൂൺ 23ന് ഫലം പ്രഖ്യാപിക്കും.
അതേസമയം, ഇറാൻ– ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ടെഹ്റാനിൽ നടന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേൽ വ്യക്തമാക്കി.
അതിനിടെ ഇറാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. കേരളത്തിൽ മഴ ശക്തമായി തുടരുകയാണ്.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ പരസ്യപ്രചാരണത്തിന്റെ അവസാനദിനം നിറപ്പകിട്ടാക്കി വിവിധ മുന്നണികളിലെ പ്രവർത്തകർ. തിരഞ്ഞെടുപ്പിലെ പ്രചാരണവിഷയങ്ങൾ അനൗൺസ് ചെയ്തും തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചും വിവിധ കക്ഷികളുടെ ചിഹ്നമുള്ള തൊപ്പികളും വസ്ത്രങ്ങളും ധരിച്ചും വമ്പൻ പതാകകളുമേന്തി ഇതുവരെ നഗരം കാണാത്ത ആഘോഷപ്പൂരത്തിനാണു നിലമ്പൂർ സാക്ഷ്യം വഹിച്ചത്.
ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ.
ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.
ഇസ്രയേൽ–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ തുടങ്ങി. 110 ഇന്ത്യൻ വിദ്യാർഥികൾ അർമേനിയയിലേക്ക് സുരക്ഷിതമായി എത്തിയെന്നാണു വിവരം.
ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴ തുടരും. തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദമായി ശക്തിപ്രാപിച്ചു.
വടക്ക് പടിഞ്ഞാറൻ ബംഗ്ലദേശിനും ഗംഗാതട ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദവും രൂപപ്പെട്ടു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതും ശക്തി പ്രാപിക്കാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കമൽഹാസൻ ചിത്രമായ തഗ് ലൈഫിന്റെ റിലീസ് വിലക്കിയ കേസിൽ കർണാടക സർക്കാരിനെതിരെ സുപ്രീം കോടതി.
ചിത്രം നിയമപ്രകാരം റിലീസ് ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ ആവശ്യം. റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാൻ കർണാടക സർക്കാരിന് നോട്ടിസ് അയച്ച കോടതി, ഒരു ദിവസത്തെ സമയവും നൽകി.
കമൽഹാസന്റെ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ വിമർശിച്ചായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. പ്രശ്നം പരിഹരിക്കാൻ നിർമാതാവ് ക്ഷമാപണം നടത്തണമെന്ന ഹൈക്കോടതി നിർദേശത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]