
അടിയന്തര ലാൻഡിങ്ങ് നടത്തിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിനു സുരക്ഷയൊരുക്കി സിഐഎസ്എഫ്
തിരുവനന്തപുരം∙ ഇന്ധനം തീരാറായ ഘട്ടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് നാവിക സേനയുടെ യുദ്ധ വിമാനത്തിനു സുരക്ഷ ഒരുക്കി സിഐഎസ്എഫ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ സിഐഎസ്എഫ് ചിത്രം സഹിതമാണ് ഇക്കാര്യം അറിയിച്ചത്.
എഫ് 35 ബി യുദ്ധ വിമാനത്തിനു സമീപം സിഐഎസ്എഫ് ജവാന് കാവല്‍ നില്ക്കുന്നതും സമീപത്തു കവചിതവാഹനം സജ്ജമായിരിക്കുന്നതും ചിത്രത്തിലുണ്ട്.
ബ്രിട്ടിഷ് റോയല്‍ നേവിയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു പറന്ന എഫ് 35 ബി യുദ്ധ വിമാനമാണ് കടലിലെ മോശം കാലാവസ്ഥയും ഇന്ധന കുറവും കാരണം കപ്പലില്‍ ഇറങ്ങാനാകാതെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇന്ധനം നിറച്ചെങ്കിലും പരിശോധനയില്‍ സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മടക്കയാത്ര നടന്നില്ല.
യുദ്ധവിമാനത്തിന്റെ പൈലറ്റും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കപ്പലില്‍നിന്ന് ഹെലികോപ്റ്ററില്‍ എത്തിച്ച മൂന്നു പേരുമാണ് ഇപ്പോള്‍ വിമാനത്താവളത്തിലുള്ളത്. ഇവര്‍ക്ക് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലാണ് വിമാനത്താവള അധികൃതര്‍ വിശ്രമസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഭക്ഷണം ഉള്‍പ്പെടെ ഇവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും വിമാനത്താവള അധികൃതരാണ് ഒരുക്കുന്നത്.
തകരാര്‍ പരിഹരിച്ച് ഇന്ന് 11 മണിയോടെ തിരികെ പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇന്നും തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
100 നോട്ടിക്കല്‍ മൈല്‍ (185.2 കിലോമീറ്റര്‍) അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് കപ്പലുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]