
മ്യൂണിക്ക്: കായികചരിത്രത്തില്‍ തിരിച്ചുവരവുകളും അതിജീവന കഥകളും നിരവധിയുണ്ട്. മരണത്തെ തോല്പിച്ചുള്ള തിരിച്ചുവരവാണ് ക്രിസ്റ്റ്യന്‍ എറിക്സന്റെ ഫുട്ബോള്‍ ജീവിതത്തെ വേറിട്ടതാക്കുന്നത്. 2021 ജൂണ്‍ 12. യൂറോ കപ്പിനെ മാത്രമല്ല, കായിക ലോകത്തെ ആകെ നടുക്കിയ നിമിഷം. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കളിത്തട്ടില്‍ കുഴഞ്ഞുവീണത്.
എറിക്സണ് മരണത്തെ മുഖാമുഖം കണ്ടനിമിഷങ്ങള്‍. പ്രാഥമിക ചികിത്സയ്ക്കിടെ ക്യാമറ കണ്ണുകളില്‍ നിന്ന് എറിക്സനെ രക്ഷിക്കാന്‍ കണ്ണീരോടെ, പ്രാര്‍ഥനയോടെഡെന്‍മാര്‍ക്ക് താരങ്ങള്‍ തീര്‍ത്ത മനുഷ്യമറ കായിക ചരിത്രത്തിലെ മറക്കാത്ത ഏടായി. ആശുപത്രികിടക്കയിലായ താരം കളിക്കളത്തിലേക്കും സാധാരണ ജീവിതത്തിലേക്കും തിരിച്ചുവരില്ലെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. യൂറോ കപ്പില്‍ ഡെന്മാര്ക്ക് സെമിയില്‍ പുറത്തായി.
എറിക്സണ് മരണത്തെ തോല്പിച്ച് ജീവിതത്തിലേക്കും കളിക്കളത്തിലേക്കും തിരിച്ചെത്തി. ആശുപത്രിവാസത്തിന് ശേഷം എറികിസന്റെ ദിനങ്ങള്‍ സംഭവബഹുലമായിരുന്നു. ഹൃദയാഘാതം വന്ന എറിക്സന്റെ കരാര്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് റദ്ദാക്കി. ഡച്ച് ക്ലബ് അയാക്സിന്റെ റിസര്‍വ് ടീമിനൊപ്പം പരിശീലനം തുടങ്ങിയ ഡെന്മാര്ക്ക് താരത്തെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവന്നത് പ്രീമിയര്‍ ലീഗ് ക്ലബ് ബ്രെന്റ്ഫോര്‍ഡ്. ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ എറിക്സണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് കൂടുമാറി.
1100 ദിവസങ്ങള്‍ക്കുശേഷം എറിക്സണ് വീണ്ടും യൂറോകപ്പില്‍ ബൂട്ടണിഞ്ഞു. ഗോളടിച്ചു. യൂറോയുടെ കളിത്തട്ടില്‍ മരണത്തെ മുന്നില്‍ കണ്ടവന്, അതേ വേദിയില്‍ ഗോളാരവം മുഴക്കിയപ്പോള്‍, ഫുട്ബോള്‍ ലോകം ഒന്നടങ്കം പറഞ്ഞു ‘അതുല്യം, അല്‍ഭുതം. അവിശ്വസനീയം.’
Last Updated Jun 17, 2024, 5:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]