
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ റണ്ണടിക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് പാക് താരം ഇമാദ് വാസിം. ഇന്ത്യക്കെതിരെ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാൻ 12 ഓവറില്‍ 72-2 എന്ന മികച്ച നിലയിലായിരുന്നു. എട്ട് വിക്കറ്റ് ശേഷിക്കെ എട്ടോവറില്‍ ജയത്തിലേക്ക് 48 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പതിമൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഫഖര്‍ സമന് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഇമാദ് വാസിം 20-ാം ഓവര്‍ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും 23 പന്തില്‍ 15 റണ്‍സ് മാത്രമാണ് നേടിയത്. അര്‍ഷ്ദീപിന്റെ പന്തില്‍ എഡ്ജിലൂടെ നേടിയ ഒരേയൊരു ബൗണ്ടറി മാത്രമാണ് ഇമാദ് വാസിമിന് നേടാനായത്.
ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പുറത്തായ ഇമാദ് വാസിം ഒത്തു കളിച്ച് മന:പൂര്‍വം പന്ത് നഷ്ടമാക്കുകയായിരുന്നുവെന്ന് മുന്‍ നായകന് സലീം മാലിക് അടക്കം അരോപിക്കുകയും ചെയ്തിരുന്നു. മത്സരത്തില്‍ ആറ് റണ്‍സിനാണ് പാകിസ്ഥാന് തോറ്റത് എന്ന് കണക്കിലെടുക്കുമ്പോള്‍ ഇമാദ് വാസിം നഷ്ടമാക്കിയ എട്ട് പന്തുകള്‍ അന്തിമ ഫലത്തിവ്‍ നിര്‍ണായകമായി. ഇതിനിടെയാണ് അന്ന് റണ്ണടിക്കാന്‍ കഴിയാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് ഇമാദ് വാസിം രംഗത്തെത്തിയത്.
ഞാന്‍ കാരണം ടീമിന്റെ വിജയപ്രതീക്ഷകള്‍ ഇല്ലാതായി. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ശാന്തമായി കളി ഫിനിഷ് ചെയ്യുക എന്നതാണ് ഞാന്‍ ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യക്കെതിരെ എനിക്കതിന് കഴിഞ്ഞില്ല. അതില്‍ എനിക്ക് ഖേദമുണ്ട്. ഇപ്പോഴും ഖേദിക്കുന്നു. പക്ഷെ ജീവിതം എപ്പോഴും അങ്ങനെയാണ്. ചിലപ്പോള്‍ നമുക്ക് പിഴവ് പറ്റാം. കരിയറിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍ എനിക്ക് ടീമിന് ജയം സമ്മാനിക്കാാനായില്ല. അന്ന് ഞാന്‍ ബാറ്റ് ചെയ്തരീതി ശരിയായിരുന്നില്ല.അതില്‍ ഞാന്‍ ഖേദിക്കുന്നു-ഇമാദ് വാസിം പറഞ്ഞു.
കരിയറിലെ ഏറ്റവും മോശം കാലം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇതിലും ഇനി താഴാനാവില്ല. ഒരു കാലത്ത് ടി20 ക്രിക്കറ്റ് ഭരിച്ചിരുന്നവരായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഞങ്ങളുടെ സമീപനവും മാറ്റേണ്ടതുണ്ടെന്ന് തോന്നുന്നു. കാരണം, കളിക്കാരുടെ മനോഭാവം മാറ്റിയാല്‍ അവിശ്വസനീയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും ഇമാദ് വാസിം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]