
‘തിരഞ്ഞെടുപ്പ് വർഷത്തിൽ പുതിയ നിയോഗം, കൂടുതൽ ചടുലമാകും; മുഖ്യമന്ത്രിയുടേത് നന്നായി പ്രവർത്തിക്കുന്ന ഓഫിസ്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയായി നിയമതിനായത് തീർത്തും പുതിയൊരു അനുഭവമെന്ന് മുൻ എംഎൽഎ എ. പ്രദീപ് കുമാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ഓഫിസാണത്. അവിടെ ചെന്നതിനു ശേഷം കാര്യങ്ങൾ മനസിലാക്കി ഉത്തരവാദിത്തം നന്നായി ചെയ്യാൻ ശ്രമിക്കും. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചുണ്ടായ വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. തിരഞ്ഞെടുപ്പ് വർഷമായതിനാൽ സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ചടുലമാകും. രാഷ്ട്രീയമായും സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. അത് മുഖ്യമന്ത്രിയുടെ ഓഫിസിൽ മാത്രമല്ല, മന്ത്രിമാരുടെ ഓഫിസുകളിൽ എല്ലാം അങ്ങനെയായിരിക്കുമെന്നും പ്രദീപ് കുമാർ പറഞ്ഞു. എ. പ്രദീപ് കുമാർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു…
∙ പുതിയ സ്ഥാനലബ്ദിയാണല്ലോ. എങ്ങനെയാണ് നോക്കിക്കാണുന്നത് ?
സ്ഥാനലബ്ദിയെന്ന നിലയിലല്ല, മറിച്ച് എന്നെ ഏൽപ്പിച്ച ഒരു ചുമതലയാണിത്. പ്രത്യേകഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് മറ്റൊരു ചുമതലയിലേക്ക് പോകേണ്ടി വന്നപ്പോൾ പാര്ട്ടിയും സർക്കാരുമാണ് എന്നെ ഈ ചുമതല ഏൽപ്പിക്കുന്നത്. ഒരു പ്രധാന ഉത്തരവാദിത്തമാണ്. നല്ല ശ്രദ്ധയോടെ പ്രവർത്തിക്കേണ്ട ഒരു ജോലിയാണ്.
∙ പല പേരുകളും പ്രൈവറ്റ് സെക്രട്ടറിയുടെ പട്ടികയിലേക്ക് കേട്ടിരുന്നു. എപ്പോഴാണ് ഇത്തരമൊരു അറിയിപ്പ് കിട്ടിയത് ?
സാധാരണഗതിയിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിനു പാർട്ടിക്ക് ഒരു രീതിയുണ്ട്. ഔദ്യോഗിക തീരുമാനമെടുത്ത് ഇങ്ങനെയൊരു ചുമതലയിലേക്ക് പോകണമെന്ന് വെള്ളിയാഴ്ചയാണ് എന്നോട് പറയുന്നത്. മുഖ്യമന്ത്രിയാണ് അറിയിച്ചത്.
∙ ജനങ്ങൾക്കിടയിൽ ഇറങ്ങിപ്രവർത്തിച്ച ഒരാളാണ്. ഇനിയൊരു ഉദ്യോഗസ്ഥനായി സെക്രട്ടേറിയറ്റിലേക്ക് മാറുകയാണല്ലോ ?
നേരത്തെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതും ഇപ്പോൾ ഒരു ഔദ്യോഗിക ചുമതല വഹിക്കാൻ പോകുന്നതുമെല്ലാം പാർട്ടിയുടെ നിർദേശം അനുസരിച്ചാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളില്ല. മറിച്ച് പാർട്ടി ഓരോ ചുമതലകൾ ഏറ്റെടുക്കാൻ പറയുകയാണ് ചെയ്യുക. അത്തരത്തിൽ നമ്മൾ ചുമതല ഏറ്റെടുക്കുകയും നന്നായി പ്രവർത്തിക്കാൻ ശ്രമിക്കുകയും ചെയ്യും.
∙ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പോകുമ്പോൾ എന്തെങ്കിലും ആശയങ്ങളുണ്ടോ ?
ഇല്ല, എനിക്ക് ഇത് തീർത്തും പുതിയൊരു അനുഭവമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു ഓഫിസാണത്. അവിടെ ചെന്നതിനു ശേഷം കാര്യങ്ങൾ മനസിലാക്കി എന്റെ ഉത്തരവാദിത്തം നന്നായി ചെയ്യാൻ ശ്രമിക്കും. ആദ്യം അവിടെ ചെന്ന് എല്ലാം നന്നായി മനസിലാക്കണം.
∙ ഒരു തിരഞ്ഞെടുപ്പ് വർഷമാണ് മുന്നിൽ. ഈ ഒരു വർഷം പ്രവർത്തനം കഠിനമായിരിക്കില്ലേ ?
തീർച്ചയായിട്ടും, സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ചടുലമാകും. രാഷ്ട്രീയമായും സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. അത് മുഖ്യമന്ത്രിയുടെ ഓഫിസിൽ മാത്രമല്ല, മന്ത്രിമാരുടെ ഓഫിസുകളിൽ എല്ലാം അങ്ങനെയായിരിക്കും.
∙ ഇതിനുമുമ്പ് പിണറായി വിജയനുമായി ഇത്രയും അടുത്തു പ്രവർത്തിക്കേണ്ടി വന്ന ഒരു ഘട്ടം ഉണ്ടായിട്ടുണ്ടോ ?
ഒരുപാട് വർഷമായി അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന ഒരാളാണ്. പാർട്ടി സെക്രട്ടറി ആയിരുന്ന സമയത്തെല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെയല്ലേ പ്രവർത്തിച്ചത്. അദ്ദേഹം ആദ്യം മുഖ്യമന്ത്രി ആയപ്പോൾ ഞാൻ എംഎൽഎയും ആയിരുന്നു.
∙ രണ്ട് പിണറായി സർക്കാരുകളിലും മുഖ്യമന്ത്രിയുടെ ഓഫിസ് വിവാദ കേന്ദ്രമായിരുന്നല്ലോ. അവിടേക്ക് പോകുമ്പോൾ അത്തരത്തിലുള്ള ആശങ്കകളുണ്ടോ ?
മാധ്യമങ്ങൾ സൃഷ്ടിച്ച വിവാദങ്ങളാണ് അവയെല്ലാം. വസ്തുതയുമായി ബന്ധമില്ലാത്തതിനാൽ തന്നെ അവയെല്ലാം തകർന്നുപോയില്ലേ. ഏതെങ്കിലുമൊന്ന് അവശേഷിക്കുന്നുണ്ടോ. സർക്കാരിനെതിരെ സൃഷ്ടിക്കാൻ ശ്രമിച്ച ഒരു വിവാദങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ല. അവ ഉന്നയിച്ചവർക്കു തന്നെ ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഏറ്റവും നന്നായാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനോടൊപ്പം ചേർന്ന് നിർണായകഘട്ടത്തിൽ പ്രവർത്തിക്കേണ്ട ഒരു അവസരമാണ് എനിക്കു ലഭിച്ചിരിക്കുന്നത്.
∙ കോഴിക്കോട് നിന്ന് തട്ടകം മാറുന്നതിൽ വിഷമമുണ്ടോ ?
കോഴിക്കോട് തന്നെയല്ലേ നമ്മുടെ സ്ഥലം. വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നപ്പോൾ എല്ലാം തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അതാത് കാലത്തെ ഓരോ നിയോഗമാണ്. ആ നിയോഗം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അതുപോലെ ഇപ്പോൾ ലഭിച്ച നിയോഗവും സന്തോഷത്തോടെ ചെയ്യും. എവിടെയാണോ പാർട്ടി ചുമതല ഏൽപ്പിക്കുന്നത് അവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നതാണ് രീതി.