
ഇഫ്താർ വിരുന്നില് പാക്ക് ഉദ്യോഗസ്ഥരുമായി അടുത്തു, തെളിവായി വിഡിയോ; ജ്യോതി ചൈനീസ് വീസയും ആവശ്യപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ ചാരപ്പണി നടത്തി അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്രയും പാക്ക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധത്തിന് തെളിവായി കൂടുതൽ വിഡിയോകൾ പുറത്ത്. ‘ട്രാവൽ വിത്ത് ജോ’ എന്ന ജ്യോതി മൽഹോത്രയുടെ യുട്യൂബ് ചാനലിലാണ് ഇവർ തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ നടന്ന ഇഫ്താർ പാർട്ടിയിൽ വച്ച് ഇരുവരും പങ്കെടുക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരിൽ ജ്യോതി മൽഹോത്രയെ ഹരിയാന ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്ത ജ്യോതി, പാക്കിസ്ഥാൻ സന്ദർശിക്കാൻ തനിക്കു താൽപര്യമുണ്ടെന്ന് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. പാക്ക് വീസ ലഭിക്കാൻ തന്നെ സഹായിക്കണമെന്ന് ഉദ്യോഗസ്ഥരോട് ജ്യോതി പറയുന്നതും വിഡിയോയിൽ കാണാം. തുടർന്ന് പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷ് എന്ന എഹ്സാൻ–ഉർ–റഹീമുമായും ജ്യോതി ദീർഘനേരം സംസാരിക്കുന്നതും വിഡിയോയിൽ കാണാം.
കഴിഞ്ഞ വർഷം മാർച്ച് 30ന് പോസ്റ്റ് ചെയ്ത വിഡിയോയിൽ, ഇഫ്താർ വിരുന്നിനു തന്നെ ഡാനിഷ് ക്ഷണിച്ചുവെന്ന് ജ്യോതി പറയുന്നുണ്ട്. തുടർന്ന് ഡാനിഷ് തന്നെ ജ്യോതിയെ പാക്ക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പാക്ക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും അവിടെ സംഘടിപ്പിച്ച ചടങ്ങിലും തനിക്ക് മതിപ്പു തോന്നിയെന്നും ജ്യോതി വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഹരിയാനയിലെ ഹിസാറിലുള്ള തന്റെ വീട് സന്ദർശിക്കാൻ ഡാനിഷിനെയും ഭാര്യയെയും ജ്യോതി ക്ഷണിക്കുകയും ചെയ്തു. പാക്ക് ഹൈക്കമ്മിഷനിലെ ചടങ്ങിനിടെ ജ്യോതി ചൈനീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചൈനീസ് വീസ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരപ്പണി നടത്തിയെന്നും ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നും ആരോപിച്ചാണ് ഹിസാറിൽനിന്ന് ജ്യോതി മൽഹോത്രയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുതവണ പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി, പാക്കിസ്ഥാൻ സുരക്ഷാ–രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നേരിൽ കണ്ടതായും അതിനുശേഷവും സമൂഹമാധ്യമങ്ങൾ വഴി അവരുമായി ബന്ധം പുലർത്തിയതായും നയതന്ത്ര വിവരങ്ങൾ പങ്കിട്ടതായും പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ജ്യോതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.