
ബെംഗളൂരു: ഇന്ത്യ – പാകിസ്ഥാൻ സംഘര്‍ഷത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ന് വീണ്ടും പുന:രാരംഭിക്കാനിരിക്കെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വില്ലനായി മഴ. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടക്കേണ്ട മത്സരം തുടർച്ചയായി തടസപ്പെടുകയാണ്. ബെംഗളൂരുവിലുടനീളം കനത്ത മഴ തുടരുന്നതിനാൽ ഇതുവരെ ടോസ് ഇടാൻ പോലും കഴിഞ്ഞിട്ടില്ല.
ബെംഗളൂരുവിൽ മഴ കാരണം ടോസ് വൈകുകയാണെന്നും കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കണമെന്നും ഐപിഎൽ അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. മത്സരത്തിനായി ആരാധകർ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ മാച്ച് ഒഫീഷ്യലുകൾ സമയക്രമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8:45 ന് ശേഷവും മഴ തുടർന്നാൽ ഓവറുകൾ വെട്ടിക്കുറയ്ക്കും. 5 ഓവർ
വീതമുള്ള മത്സരമെങ്കിലും ആരംഭിക്കാനുള്ള പരമാവധി സമയം രാത്രി 10:56 ആണ്.
അതേസമയം, ടൂര്‍ണമെന്റ് പ്ലേ ഓഫിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. നിലവിൽ 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരുവിന് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാനും ആദ്യ രണ്ടിൽ ഇടം നേടാനും ഒരു വിജയം കൂടി വേണം. എന്നാൽ, കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതൽ നിരാശാജനകമാണ്. വെറും 11 പോയിന്റുള്ള കൊൽക്കത്തയ്ക്ക് 15 പോയിന്റുകൾ നേടി പ്ലേ ഓഫിലേയ്ക്കുള്ള നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കണം. മാത്രമല്ല, കൊൽക്കത്തയുടെ പ്ലേ ഓഫ് യോഗ്യത മറ്റ് മത്സരങ്ങളിലെ ഫലങ്ങളെ കൂടി ആശ്രയിച്ചിരിക്കുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]