
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി: യുവവനിതാ വ്ലോഗർ പിടിയിൽ ; പുറത്താക്കിയ പാക്ക് ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയതിന് ഹരിയാനയിൽ യുവതി . യുവവനിതാ വ്ലോഗറായ ജ്യോതി മൽഹോത്രയാണ് അറസ്റ്റിലായത്. ‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന യുവതി, 2023ൽ മാത്രം 2 തവണ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നു. അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാന് നൽകിയെന്നും ഹിസാർ സ്വദേശിനിയായ യുവതിയ്ക്കെതിരെ ആരോപണമുണ്ട്. ചാരപ്രവർത്തിയുടെ പേരിൽ ഈ ആഴ്ച ഹരിയാനയിൽ നടക്കുന്ന മൂന്നാമത്തെ അറസ്റ്റാണ് ജ്യോതിയുടേത്.
1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 5, ഭാരതീയ ന്യായ സംഹിത നിയമത്തിലെ സെക്ഷൻ 152 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ജ്യോതി മൽഹോത്രയെ ഉടൻ ചോദ്യം ചെയ്യുമെന്ന് ഹിസാർ പൊലീസ് അധികൃതർ അറിയിച്ചു. യുവതി 2023ൽ ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷൻ സന്ദർശിച്ചതായും അവിടെ വച്ച് ഹൈക്കമ്മിഷനിലെ (പിഎച്ച്സി) ജീവനക്കാരനായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും ഹരിയാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നുണ്ട്. ഡാനിഷിനെ കേന്ദ്രസർക്കാർ 2025 മേയ് 13ന് പുറത്താക്കിയിരുന്നു. ഇയാളെ ‘പേഴ്സൺ നോൺ ഗ്രാറ്റ’ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
തുടർന്ന് 2023ലെ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ അലി എഹ്വാന് എന്നയാളെ ജ്യോതി കണ്ടുമുട്ടിയിരുന്നു. പാക്കിസ്ഥാനിലെ ജ്യോതിയുടെ താമസവും യാത്രയും ഏർപ്പാടാക്കിയത് അലി ആയിരുന്നു. ഈ വ്യക്തിയാണ് ജ്യോതിക്ക് പാക്കിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി കൊടുത്തത്. പാക്കിസ്ഥാനിൽ വച്ച് ഷാക്കിർ, റാണ ഷഹബാസ് എന്നീ ഉദ്യോഗസ്ഥരെ ജ്യോതി കണ്ടെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ ശേഷം, വാട്സാപ്പ്, ടെലഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി യുവതി ഇവരുമായി ബന്ധം തുടർന്നെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
തന്റെ യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ജ്യോതി പങ്കുവച്ചെന്നും സമൂഹമാധ്യമങ്ങളിലൂടെ പാക്കിസ്ഥാന്റെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പാക്കിസ്ഥാൻ രഹസ്യാന്വേഷണം വിഭാഗത്തിലെ ഉദ്യോഗസ്ഥനൊപ്പം ജ്യോതി ഇന്തോനേഷ്യയിലെ ബാലി സന്ദർശിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഡാനിഷ് ഡൽഹിയിൽ താമസിച്ചിരുന്ന സമയത്ത് നിരന്തരം ഇരുവരും തമ്മിൽ കണ്ടിരുന്നതായും അന്വേഷണസംഘം സ്ഥിരീകരിക്കുന്നുണ്ട്.