
വാഷിങ്ടണ്‍: അധിക തീരുവ ഉൾപ്പെടെയുള്ള നയങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുപോകുന്നതിനിടെ അമേരിക്കയ്ക്ക് തിരിച്ചടി. അമേരിക്കയുടെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ് ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് കുറച്ചു. സർക്കാരുകൾ കടം പെരുകുന്നത് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ചത്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് എഎഎയിൽ നിന്ന് എഎ1 ആക്കിയാണ് മൂഡീസ് കുറച്ചത്.
ഭീമമായ വാർഷിക ധനക്കമ്മിയും വർദ്ധിച്ചുവരുന്ന പലിശച്ചെലവും തടയുന്നതിനുള്ള നടപടികളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മൂഡീസ് വിലയിരുത്തി. യുഎസ് സർക്കാരിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ മൂന്ന് പ്രധാന റേറ്റിങ് ഏജൻസികളിൽ അവസാനത്തേതാണ് മൂഡീസ്. 2011ൽ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആന്‍ഡ് പുവർ ഗ്ലോബൽ റേറ്റിങും 2023ൽ ഫിച്ച് റേറ്റിങ്സും യുഎസിനെ ക്രെഡിറ്റ് റേറ്റിങ്ങിൽ തരംതാഴ്ത്തിയിരുന്നു.
യുഎസിന്റെ കടത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. 2035 ആകുമ്പോഴേക്കും യുഎസ് സമ്പദ്വ്യവസ്ഥയുടെ 9 ശതമാനമായി കടം വർധിക്കുമെന്നും മൂഡീസ് കണക്കുകൂട്ടുന്നു. നിലവിൽ ഇത് 6.4 ആണ് ഇത്.
റിപ്പബ്ലിക് പാർട്ടി രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്ന് ന്യൂയോർക്കിൽ നിന്നുള്ള സെനറ്റർ ചക് ഷുമർ വിമർശിച്ചു. അതിസമ്പന്നർക്ക് വൻ നികുതി ഇളവ് നൽകുന്ന തിരക്കിലാണവർ. മൂഡി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയ ഈ അവസരത്തിലെങ്കിലും ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ തന്നെ മൂഡീസ് ഈ നീക്കത്തെക്കുറിച്ച് സൂചന നൽകിയിരുന്നുവെന്ന് ചീഫ് ഫിക്സഡ് ഇൻകം സ്ട്രാറ്റജിസ്റ്റ് ലോറൻസ് ഗില്ലം പ്രതികരിച്ചു.
അമേരിക്കയ്ക്ക് വളരെയധികം കടബാധ്യത ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ റേറ്റിങെന്ന് മൂഡി ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ഡാരെൽ ഡഫി പറഞ്ഞു. നയരൂപീകരണം നടത്തുന്നവർക്ക് ഈ സന്ദേശം ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നു, അവർ എന്തു ചെയ്യുമെന്ന് ഉറപ്പില്ല. സർക്കാർ സ്വയം അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഒന്നുകിൽ കൂടുതൽ വരുമാനം നേടുക അല്ലെങ്കിൽ കുറച്ച് ചെലവഴിക്കുക എന്നത് മാത്രമാണ് വഴിയെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി തീർക്കാനെന്ന പേരിൽ ട്രംപ് നടത്തുന്ന അധിക തീരുവ അടക്കമുള്ള നീക്കങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയുണ്ടായേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]