
ഉപേക്ഷിച്ച കുഞ്ഞിനെ എടുത്തുവളർത്തി; 13–ാം വയസ്സിൽ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്ന് മകൾ
ന്യൂഡൽഹി∙ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞ് പതിമൂന്നാം വയസ്സിൽ വളർത്തമ്മയെ കൊലപ്പെടുത്തി.
എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്.
രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 29ന് ഉറക്കഗുളിക കൊടുത്തു മയക്കിക്കിടത്തിയശേഷം തലയിണ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചാണ് കൊലപാതകം.
പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിറ്റേദിവസം സ്വന്തം നാടായ ഭുവനേശ്വറിൽ എത്തിച്ച് മൃതദേഹം സംസ്കരിച്ചു.
അമ്മ ഹൃദയാഘാതത്തെ തുടർന്നു മരിച്ചെന്നാണ് ചടങ്ങിനെത്തിയ ബന്ധുക്കളോടു പറഞ്ഞത്. രാജലക്ഷ്മിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ ആരും സംശയിച്ചുമില്ല.
എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഭുവനേശ്വറിൽ വച്ച് മറന്നുപോയിരുന്നു. ഇത് രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര കണ്ടെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതി പുറത്തുവന്നത്.
ഇൻസ്റ്റഗ്രാം മെസഞ്ചറിൽ കൊലപാതക പദ്ധതി വിശദമായി പറഞ്ഞിരുന്നു. രാജലക്ഷ്മിയെ എങ്ങനെ കൊലപ്പെടുത്തണമെന്നും അവരുടെ സ്വർണാഭരണങ്ങളും പണവും എങ്ങനെ കൈപ്പിടിയിൽ ആക്കണമെന്നതും ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ, മേയ് 14ന് മിശ്ര പരാലഖേമുൻഡി പൊലീസിൽ പരാതി നൽകി. പിന്നാലെ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് റാത് (21), സുഹൃത്ത് ദിനേഷ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്നാണ് ഉപക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ വെറും മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ദത്തെടുത്തത്.
ഒരു വർഷത്തിനുശേഷം ഭർത്താവ് മരിച്ചു. പിന്നീട് രാജലക്ഷ്മി ഒറ്റയ്ക്കാണ് കുഞ്ഞിനെ വളർത്തിയത്.
മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ അഡ്മിഷൻ ലഭിച്ചപ്പോൾ പരാലഖേമുൻഡിയിലേക്കു താമസം മാറ്റുകയായിരുന്നു. പ്രണയ ബന്ധത്തിൽ രാജലക്ഷ്മി എതിർപ്പ് ഉയർത്തിയതോടെ അമ്മയ്ക്കും മകൾക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങി. റാത് ആണ് കൊലപാതകത്തിന് പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
കൊല നടത്തിയാൽ ബന്ധം തുടരാനാവുമെന്നും സ്വത്തുക്കൾ കൈവശമാക്കാമെന്നും ഇയാൾ പെൺകുട്ടിയെ ബോധ്യപ്പെടുത്തി. ഏപ്രിൽ 29ന് വൈകുന്നേരം അമ്മയ്ക്ക് മകൾ ഉറക്കഗുളികകൾ നൽകി.
അവർ ഉറങ്ങിയതിനു പിന്നാലെ റാതിനെയും സാഹുവിനെയും വിളിച്ചുവരുത്തി. പിന്നീടു മൂവരും ചേർന്ന് തലയിണ ഉപയോഗിച്ച് രാജലക്ഷ്മിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജലക്ഷ്മിയുടെ കുറച്ച് സ്വർണാഭരണങ്ങൾ പെൺകുട്ടി നേരത്തേതന്നെ റാതിനു കൈമാറിയിരുന്നു.
ഇത് 2.4 ലക്ഷം രൂപയ്ക്ക് ഇയാൾ വിറ്റു. പ്രതികളിൽനിന്ന് 30 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്നു മൊബൈൽ ഫോണുകളും രണ്ട് തലയിണകളും പിടിച്ചെടുത്തു. LISTEN ON
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]