
ദില്ലി: സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദിക്ക് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്സിബിഎ) യാത്രയയപ്പ് നൽകിയില്ല. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി കടുത്ത അതൃപ്തി അറിയിച്ചു. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതിയുടെ 75 വർഷത്തെ ചരിത്രത്തിൽ പതിനൊന്നാമത്തെ വനിതാ ജഡ്ജിയായാണ് ബേല എം ത്രിവേദി സ്ഥാനമേറ്റെടുത്തത്. ജസ്റ്റിസ് ബേല ത്രിവേദിക്ക് അർഹമായ യാത്രയയപ്പ് നൽകാതിരുന്ന ബാർ അസോസിയേഷൻ നിലപാടിനെ പരസ്യമായി നിരാകരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഗവായി പറഞ്ഞു. ഇത്തരമൊരു അവസരത്തിൽ, അസോസിയേഷൻ ഈ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലും വൈസ് പ്രസിഡന്റ് രചന ശ്രീവാസ്തവയും നടപടികളിൽ പങ്കെടുത്തതിനെ ചീഫ് ജസ്റ്റിസ് ഗവായി അഭിനന്ദിച്ചു.
“കപിൽ സിബലിനോടും രചന ശ്രീവാസ്തവയോടും നന്ദി പ്രകാശിപ്പിക്കുന്നു. അവർ രണ്ടു പേരും ഇവിടെയുണ്ട്. ബാർ അസോസിയേഷൻ മറിച്ചൊരു തീരുമാനം എടുത്തിട്ടും അവർ ഇവിടെയുണ്ട്. നിറഞ്ഞ സാന്നിധ്യം അവർ വളരെ നല്ല ജഡ്ജിയാണെന്ന് തെളിയിക്കുന്നു. വ്യത്യസ്ത തരം ജഡ്ജിമാരുണ്ട്. പക്ഷേ അത് യാത്രയയപ്പ് നിഷേധിക്കുന്നതിനുള്ള കാരണകരുത്”-ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ബേല ത്രിവേദിയുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും ചീഫ് ജസ്റ്റിസ് ഗവായ് അഭിനന്ദിച്ചു. ജസ്റ്റിസ് ബേല ത്രിവേദി നീതിന്യായ വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ്. നിങ്ങൾ പുതിയ യാത്ര ആരംഭിക്കുമ്പോൾ, എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 2021 ഓഗസ്റ്റ് 31 നാണ് ബേല ത്രിവേദിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പുതിയ ജഡ്ജിമാരാണ് അന്ന് സത്യപ്രതിജ്ഞ ചെയ്തത്. സുപ്രീം കോടതിയുടെ നിരവധി സുപ്രധാന വിധിന്യായങ്ങളിൽ അവർ ഭാഗമായിരുന്നു.
1960 ജൂൺ 10 ന് ഗുജറാത്തിലെ പഠാനിൽ ജനിച്ച ജസ്റ്റിസ് ബേല ത്രിവേദി, ഗുജറാത്ത് ഹൈക്കോടതിയിൽ 10 വർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. 1995 ൽ അഹമ്മദാബാദിൽ സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതയായി. ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാർ, ഗുജറാത്ത് സർക്കാരിൽ നിയമ സെക്രട്ടറി തുടങ്ങിയ വിവിധ തസ്തികകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. 2011 ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. ഹൈക്കോടതി ചീഫ് ജസ്റ്റിസാകാതെ തന്നെ 2021ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.
അഭിഭാഷക സംഘടനകളോട് ശക്തമായ നിലപാട് സ്വീകരിച്ചതാണ് ജസ്റ്റിസ് ബേല ത്രിവേദിക്ക് യാത്രയയപ്പ് നിഷേധിക്കാൻ കാരണം. അടുത്തിടെ കോടതിയിൽ കള്ളം പറഞ്ഞ രണ്ട് അഭിഭാഷകർക്കെതിരെ സിബിഐ അന്വേഷണത്തിന് അവർ ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബേലയ്ക്ക് യാത്രയയപ്പ് നൽകാത്ത അസോസിയേഷൻ, വിരമിക്കുന്ന അഭയ് എസ് ഓക്കയ്ക്ക് ബാർ അസോസിയേഷൻ 23ന് യാത്രയയപ്പ് നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]