
മെസ്സി വരുമോ, ഇല്ലയോ…! കൊണ്ടുവരാൻ പണമില്ലെന്ന് കായികമന്ത്രി, ‘പന്ത്’ സ്പോൺസറുടെ വലയിലേക്കിട്ട് സർക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ‘‘മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല.’ – കായികകേരളത്തെയാകെ അമ്പരപ്പിക്കുന്നതാണ് കായികമന്ത്രി വി.അബ്ദുറഹിമാന്റെ ഇന്നത്തെ പ്രതികരണം. അര്‍ജന്റീന ദേശീയ ടീമും ഫുട്ബോള്‍ ഇതിഹാസം ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്നും എവിടെയൊക്കെ കളിക്കുമെന്നും നൂറുവട്ടം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചിട്ടുള്ള കായികമന്ത്രിയാണ് മെസ്സിയെ പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ‘ബൈസൈക്കിള്‍ കിക്കെടുത്ത്’ പന്ത് സ്പോണ്‍സറുടെ വലയിലേക്കു തട്ടിയിട്ട് തലയൂരുന്നത്.
ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ സംസ്ഥാനത്തെ കാല്‍പ്പന്ത് ആരാധകരെ മുഴുവന്‍ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. കേരളം ചരിത്രം സൃഷ്ടിക്കുകയാണെന്നും ലോകചാംപ്യന്മാര് കേരളത്തിലേക്കെത്തുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഉറപ്പിച്ചപ്പോള്‍ നാട്ടിലെ ഫുട്ബോള്‍ ആരാധകര്‍ മുഴുവന്‍ ആവേശത്തിലായിരുന്നു. ഇതിനൊപ്പം 2025ല്‍ കേരളത്തില്‍ എത്തുന്ന മെസ്സി അടങ്ങുന്ന അര്‍ജന്റീന ടീം ഖത്തറുമായും ജപ്പാനുമായും ഏതൊക്കെ വേദിയില്‍ കളിക്കുമെന്നു വരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത് കായികമന്ത്രിയാണ്.
എന്നാല്‍ ഇതേ സമയത്തു തന്നെ ചൈനയില്‍ ടീമിനുള്ള മത്സരങ്ങള്‍ സംബന്ധിച്ച് അറിയിപ്പു വന്നതോടെയാണ് മെസ്സി കേരളത്തിലേക്കില്ലെന്ന് ഉറപ്പായത്. ടീമിന്റെ വരവിനായി കെട്ടിവയ്ക്കേണ്ട 120 കോടിയില്‍ 60 കോടി പോലും നിശ്ചിതസമയത്തു നല്കാന് കഴിയാതിരുന്നതോടെയാണ് മെസ്സിയുടെ വരവ് ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്. പറഞ്ഞു പറ്റിച്ചതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ അര്‍ജന്റീന ടീമിന്റെ കേരളസന്ദര്‍ശനം സംബന്ധിച്ചുളള കാര്യങ്ങള്‍ കായികമന്ത്രി വി.അബ്ദുറഹ്മാന് പറയുന്നതാണ്. മെസ്സി അടക്കം ലോകകപ്പ് ജേതാക്കളായ ടീം കേരളത്തിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മന്ത്രി അന്നു പറഞ്ഞത്. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനായി സ്പെയ്നിലേക്ക് മന്ത്രിയും സംഘവും പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2024 നവംബറിലാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. സാമ്പത്തികസഹകരണത്തോടെയാണ് സൗഹൃദമത്സരം സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷനും വ്യാപാരി സമൂഹവും ചേര്‍ന്ന് പരിപാടി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് മത്സരം നടക്കുകയെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആദ്യ സ്പോണ്‍സര്‍മാര്‍ ഒഴിവായി. പിന്നീട് പുതിയ സ്പോൺസര്‍മാരെ നിയോഗിച്ച് സമ്മതപത്രം നല്‍കിയിരുന്നു. ഈ വര്‍ഷമാദ്യമാണ്, ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പൊതുവേദിയില്‍ പറഞ്ഞത്. സൗഹൃദമത്സരത്തിനു പുറമേ ആരാധകരെ കാണാന്‍ 20 മിനിറ്റ് മെസി പൊതുവേദിയില്‍ എത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായികമന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് മാര്‍ച്ചില്‍ നിയമസഭയില്‍ മന്ത്രി അറിയിച്ചു.
എന്നാല്‍ ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീന ടീമിന്റെ സൗഹൃദമത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവന്നതോടെയാണ് ഇന്ത്യ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വെളിപ്പെട്ടിരിക്കുന്നത്. മന്ത്രി ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും സ്പോണ്‍സറും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്നും പണം കൊടുക്കുന്നതില്‍ വന്ന കാലതാമസം ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്നും മന്ത്രി പറയുന്നു.
മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ടീം ഒക്ടോബറില്‍ കേരളത്തില്‍ വന്നാലും ഏതു സ്റ്റേഡിയത്തില്‍ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും കായികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ഫിഫ നിലവാരമുള്ള ഏക മൈതാനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. 2017ല്‍ അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഫിഫ അധികൃതരുടെ മേല്‍നോട്ടത്തിലാണ് ഇവിടുത്തെ ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഇതിനും ശേഷം ഇവിടെ ക്രിക്കറ്റിനു വിലക്കേര്‍പ്പെടുത്തി ഫുട്ബോള്‍ മത്സരങ്ങള്‍ മാത്രമാണ് നടക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രീമിയര്‍ വന്‍ ലൈസന്‍സ് തന്നെ നിഷേധിച്ചിരിക്കുകയാണ്.
അര്‍ജന്റീന ടീം ഏതെങ്കിലും രാജ്യത്തു കളിക്കാന്‍ പോകുന്നുണ്ടെങ്കില്‍ മാസങ്ങള്‍ക്കു മുന്‍പ് തന്നെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് അധികൃതര്‍ അവിടെയെത്തി ടര്‍ഫിന്റെയും സ്റ്റേഡിയത്തിന്റെയും നിലവാരം പരിശോധിച്ച് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ഇവര്‍ ക്ലിയറന്‍സ് നല്കിയെങ്കില് മാത്രമേ ടീം കളിക്കാന്‍ എത്തൂ. നിലവിലെ അവസ്ഥയില്‍ രണ്ട് സൗഹൃദമത്സരങ്ങള്‍ കളിക്കാനുള്ള സ്റ്റേഡിയങ്ങളായി കലൂരും കാര്യവട്ടവുമാണ് പരിഗണനയിലുള്ളത്. അര്‍ജന്റീന അധികൃതര്‍ എത്തി പരിശോധിച്ചാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ കഴിയൂ.
മെസ്സിക്കു വേണ്ടി പുതിയ സ്റ്റേഡിയം പണിയുമെന്ന് മന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഫിഫ നിലവാരത്തില്‍ അത്തരം നിര്‍മാണം നടത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 2011ല്‍ മെസ്സി ഇന്ത്യയിലെത്തിയപ്പോള്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് കളിച്ചിരുന്നത്. സ്റ്റേഡിയം ഉള്‍പ്പെടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാതെ മെസ്സിയെയും അര്‍ജന്റീനയെയും കേരളത്തിലേക്ക് എത്തിക്കാനുള്ള നീക്കം ഫലപ്രാപ്തിയില്‍ എത്തുമോ എന്നു കാത്തിരുന്നു കാണേണ്ടിവരുമെന്നു തന്നെയാണ് കായികവിദഗ്ധര്‍ പറയുന്നത്.