
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. നാല് വയസുകാരിയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
കൈ വിരലിന്റെ ശസ്ത്രക്രിയയ്ക്കെത്തിയ നാല് വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ചെറുവണ്ണൂര്‍ മധുര ബസാറിലെ കുട്ടിയാണ് ഗുരുതരമായ ചികിത്സ പിഴവിന് ഇരയായത്. കൈപ്പത്തിയിലെ ആറാം വിരല്‍ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാല്‍ അര മണിക്കൂര്‍ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോള്‍ നാവില്‍ പഞ്ഞി വെച്ച നിലയില്‍ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടര്‍ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.
വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി. ഇനി ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അച്ഛന് പ്രതികരിച്ചു. സമാന പേരുള്ള രണ്ടു പേരുടെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ വന്ന പിഴവ് എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്നും അച്ഛന് പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Last Updated May 16, 2024, 3:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]