
ദില്ലി: രാഷ്ട്രപതിയെ നിയന്ത്രിക്കാനും സമയപരിധി നിശ്ചയിക്കാനും ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കോടതികൾ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും ധൻകർ പ്രസ്താവിച്ചു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിന്മേൽ നടപടിയെടുക്കുന്നതിൽ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് പ്രതികരണം.
ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ദില്ലിയിൽ കഴിഞ്ഞ മാർച്ച് 14, 15 ദിവസങ്ങളിൽ ജഡ്ജിയുടെ വസതിയിൽ എന്താണ് സംഭവിച്ചതെന്ന് ഇനിയും ആർക്കും അറിയില്ല. ജസ്റ്റിസ് വർമ്മയുടെ വസതിയിൽ തീ അണയ്ക്കാൻ അഗ്നിശമന സേന നടത്തിയ ഓപ്പറേഷനിൽ പണം കണ്ടെടുത്തതിനുശേഷവും അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. രാജ്യത്തെ ആർക്കെതിരെയും കേസ് ഫയൽ ചെയ്യാം, എന്നാൽ ഒരു ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഈ രാജ്യത്ത് ആർക്കും, നിങ്ങളുടെ മുമ്പിലുള്ളയാൾ ഉൾപ്പെടെ ഏതൊരു ഭരണഘടനാ ഉദ്യോഗസ്ഥനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയും. എന്നാൽ ജഡ്ജിമാരാണെങ്കിൽ, എഫ്ഐആർ ഉടനടി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. ജുഡീഷ്യറിയിലെ ബന്ധപ്പെട്ടവർ അത് അംഗീകരിക്കേണ്ടതുണ്ട്. പക്ഷേ ഭരണഘടനയിൽ അത് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]