
കൊച്ചി: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടാകുമെന്ന് എം ബി രാജേഷ്. വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഗൗരവമേറിയതാണെന്നും സിനിമാ മേഖലയിൽ മാത്രമല്ല മറ്റ് ഏതു മേഖലയിലായാലും ലഹരി ഉപയോഗത്തിനെതിരായ നടപടി എക്സൈസ് കൈക്കൊള്ളുമെന്നും എക്സൈസ് മന്ത്രി വിശദമാക്കി. കേസെടുക്കുന്നതിനും പരിശോധിക്കുന്നതിനും വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകേണ്ടതില്ല. വകുപ്പ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
നേരത്തെയുണ്ടായ ലഹരികേസിൽ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ച കണക്കിലെടുത്തായിരുന്നെന്നും മന്ത്രി വിശദമാക്കി. അത് യുഡിഎഫ് സർക്കാരിന്റെ സമയത്തായിരുന്നെന്നും ആ കേസുമായി ബന്ധപ്പെട്ട് കോടതി പൊലീസിനെ വിമർശിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. പിണറായി സർക്കാർ ആ കേസിൽ ഉത്തരവാദി അല്ലെന്നും അക്കാര്യം നിയമസഭയിൽ തൻ വ്യക്തമാക്കിയതാണെന്നും എം ബി രാജേഷ് പറഞ്ഞു.
സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടൻ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസമാണ് നടി വിൻസി അലോഷ്യസ് പരാതി പറഞ്ഞത്. ആരോപണം നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ചാണെന്ന വിവരം പുറത്ത് വന്നിരുന്നു. ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിരുന്നു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടിക്കെതിരെ ലഹരി ഉപയോഗിച്ച് ഷൈൻ മോശം പെരുമാറ്റം നടത്തിയത്. സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]