
കൊല്ലം: ചാത്തന്നൂരിൽ കടയിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന സംഭവത്തിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. കൊല്ലം ചവറ സ്വദേശി ഇർഷാദ്, സുഹൃത്തുക്കളായ അമീർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുപതിലേറെ മോഷണ കേസുകളിൽ പ്രതിയാണ് ഇർഷാദ്. അമീറും രാജേഷും ചാത്തന്നൂർ സ്വദേശികൾ തന്നെയാണ്. മൂവരും ചേർന്ന് ആസൂത്രണം ചെയ്ത മോഷണത്തിൽ രണ്ട് പേരാണ് നേരിട്ട് പങ്കെടുത്തത്.
മാർച്ച് അഞ്ചാം തീയ്യതി രാത്രിയാണ് ഇർഷാദും ബൈക്കിൽ അമീറും ചാത്തന്നൂർ ഊറാംവിള ജംഗ്ഷനിലെ സ്റ്റേഷനറി കടയിൽ എത്തിയത്. തൈര് വാങ്ങാനെന്ന വ്യാജേന ഒരാൾ കടയിൽ കയറി. ഇയാൾ മാസ്ക് ധരിച്ചിരുന്നു കടയുടമ സജിനി സാധനങ്ങൾ എടുക്കുന്നതിനിടെ യുവാവ് സജിനിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കിൽ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാൾ മാസ്കും ഹെൽമറ്റും ധരിച്ചിരുന്നു. സജിനി ഇവരുടെ പിന്നാലെ ഓടുകയും ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തുകയും ചെയ്തെങ്കിലും എല്ലാവരെയും വെട്ടിച്ച് ഇവർ ബൈക്കുമായി ദേശീയ പാതയിലൂടെ രക്ഷപ്പെട്ടു.
പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചാത്തന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ചവറ സ്വദേശിയായ ഇർഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ സ്വദേശികളായ അമീർ, രാജേഷ് എന്നിവരെക്കൂടി പിടികൂടുകയായിരുന്നു. മൂന്ന് പേരും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇർഷാദ് ഇരുപതോളം മോഷണ കേസിൽ പ്രതിയാണ്. അമീർ വധശ്രമം ഉൾപ്പടെയുള്ള കേസുകളിലും രാജേഷ് അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]