
പത്തനംതിട്ട: പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കാനും വിധിയിൽ പറയുന്നുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷയും അനുഭവിക്കണം.
അതിജീവിതയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നേഴ്സുമാരായിരുന്നു. അമ്മ ജോലി തേടി വിദേശത്തു പോയപ്പോൾ പ്രതി ബാംഗ്ലൂരിൽ നിന്നും ജോലി രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറയാതിരിക്കുവാനായി ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുകയും തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ ഇളയ സഹോദരിയേയും ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതിയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വിവരം പ്രതിയുടെ അമ്മയോട് പറഞ്ഞെങ്കിലും അവർ ഗൗരവത്തിൽ എടുത്തില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസവും സ്നേഹക്കുറവും മനസിലാക്കിയ പെൺകുട്ടിയുടെ അമ്മയുടെ അമ്മ കുട്ടിയെ അമ്മ വീട്ടിലേക്ക് നിർബന്ധ പൂർവ്വം കൂട്ടിക്കൊണ്ട് പോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിയുന്നത്.
2022- 23 കാലയളവിൽ നടന്ന പീഡന വിവരം പൊലിസിൽ അറിയിച്ചതിനെ തുടർന്ന് ഏറണാകുളം റൂറൽ, കല്ലൂർകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, കൃത്യം നടന്ന സ്ഥലം തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടേക്ക് കൈമാറി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാതൃൂസ് ഹാജരായ കേസിൽ പുളിക്കീഴ് പൊലിസ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇഡി ബിജു അതിവേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിൽ, പ്രതി നിരവധി തവണ ജാമ്യത്തിനു ശ്രമിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പ്രതിയെ കസ്റ്റടിയിലിട്ട് വിചാരണ പൂർത്തിയാക്കുകയായിരുന്നു.
Last Updated Apr 16, 2024, 5:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]