

First Published Apr 16, 2024, 6:23 PM IST
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച മദ്യനിരോധന ഉത്തരവില്‍ മാറ്റം. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധനം തൃശൂര്‍ കോര്പറേഷന് പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തതെന്ന് കലക്ടര്‍ അറിയിച്ചു. ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ, 36 മണിക്കൂര്‍ ആണ് തൃശൂര്‍ കോര്പറേഷന് പരിധിയിലെ മദ്യനിരോധനം. എല്ലാ മദ്യവില്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുമെന്ന് കലക്ടര്‍ അറിയിച്ചു.
പൂരത്തിനോട് അനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ കഴിഞ്ഞദിവസം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്, പാപ്പാന്മാര്, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീക്ക് ക്രിമിനല്‍ നടപടി നിയമം 144 -ാം വകുപ്പ് പ്രകാരം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:
ഏപ്രില്‍ 19, 20 തീയതികളില്‍ നടക്കുന്ന ഘടക പൂരങ്ങള്‍ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കല്‍, വെടിക്കെട്ട് നടത്തല്‍ എന്നിവ സംബന്ധിച്ച് സുപ്രീം കോടതി/ ഹൈക്കോടതി, അതത് സമയത്തെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണം. നീരുള്ളവയോ, മദപ്പാടുള്ളവയോ വെടിക്കെട്ട് നടത്തുമ്പോള്‍ മറ്റും വിരണ്ടോടുന്നവയോ, സ്വതവെ വികൃതികളോ ആയ ആനകളെ ഏപ്രില്‍ 17, 18, 19, 20 തീയതികളില്‍ തൃശൂര്‍ പട്ടണാതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കരുത്. കൂടാതെ ഇവയെ പൂരം എഴുന്നള്ളിപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യരുത്. ആനകളെ എഴുന്നള്ളിക്കുന്നതിന് ആവശ്യമായ രേഖകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മുമ്പാകെയും, ഫോറസ്റ്റ്, വെറ്ററിനറി ഉദ്യോഗസ്ഥര്‍ മുമ്പാകെയും ഹാജരാക്കണം.
മുന്‍കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല. പാപ്പാന്മാര് ഒഴികെ ആരും ആനകളെ സ്പര്‍ശിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യരുത്. പൂരം നടക്കുന്ന ഏപ്രില്‍ 17, 18, 19, 20 തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികാം എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന് ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറയ്ക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റുപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവയുടെ ഉപയോഗവും പൂര്‍ണമായും നിരോധിച്ചു. എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിച്ച് ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റണം. അപകടകരമായി നില്ക്കുന്ന കെട്ടിടങ്ങളില്‍ വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രവേശിപ്പിക്കരുത്. വെടിക്കെട്ടിന് അനുമതി ലഭിക്കുന്നപക്ഷം പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ വെടിക്കെട്ട് നിശ്ചിത സമയക്രമം പാലിച്ച് നടത്തണം.
Last Updated Apr 16, 2024, 6:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]