
തൃശൂര്‍: ഇറാന് പിടിച്ചെടുത്ത കപ്പലില്‍ തൃശൂര്‍ സ്വദേശിനിയും ഉള്‍പ്പെടുന്നതായി ബന്ധുക്കള്‍. വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനി ആന്‍ ടെസ്സ ജോസഫ് (21) കപ്പലില്‍ ഉള്ളതായി അച്ഛന് ബിജു എബ്രഹാം പറഞ്ഞു. കഴിഞ്ഞ ഒമ്പതുമാസമായി കപ്പലില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആന്‍. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലില്‍ കയറിയത്. കമ്പനി അധികൃതര്‍ കഴിഞ്ഞ തിങ്കളാഴ്ച മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും ബിജു പറയുന്നു.
മകള്‍ തിരിച്ചു ഇന്ത്യയിലേക്കു വരും വഴിയാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ലഭിച്ച വിവരം. വെള്ളിയാഴ്ച രാത്രിയാണ് ആന്‍ അവസാനം ഫോണില്‍ സംസാരിച്ചതെന്നും ബിജു എബ്രഹാം പറഞ്ഞു. പിന്നീട് ഫോണില്‍ കിട്ടിയിട്ടില്ല. കപ്പല്‍ ജീവനക്കാരനായ ബിജു അവധിക്ക് നാട്ടിലെത്തിയതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എത്രയുംവേഗം എല്ലാവരെയും മോചിപ്പിക്കുവാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന്‍ ടെസ ജോസഫ് ജോലിചെയ്യുന്ന കപ്പല്‍ ഇറാന് പിടിച്ചെടുത്ത സംഭവത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചതായി നോര്‍ക്ക അധികൃതര്‍ ബന്ധുക്കളെ വിളിച്ച് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ടെസയുടെ കുടുംബവുമായി സംസാരിച്ചു. 2008ല്‍ ഗള്‍ഫ് ഓഫ് ഏഡനില്‍ സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജു പറയുന്നു. ബിജു ബീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആന്‍.
Last Updated Apr 17, 2024, 1:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]