തൊഴിലിടങ്ങളിലെ പ്രൊഫഷണലിസത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഒരു വിചിത്രമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വർക്ക് ഫ്രം ഹോം കാലഘട്ടത്തിൽ ഓഫീസ് മീറ്റിംഗുകൾ പലപ്പോഴും ലിവിംഗ് റൂമുകളിലേക്കും കിച്ചണുകളിലേക്കും മാറിയിട്ടുണ്ട്.
എന്നാൽ ഈ ചിട്ടവട്ടങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് റിമോട്ട് സ്റ്റാർ (RemoteStar Ltd) എന്ന കമ്പനിയിലെ ജീവനക്കാരി മീറ്റിംഗിനെത്തിയത്. മുഖത്ത് കട്ടിയുള്ള വേപ്പില പാക്ക് തേച്ച്, തലയിൽ വലിയൊരു ടവറും ചുറ്റി, ഒട്ടും കൂസലില്ലാതെയാണ് യുവതി തന്റെ പ്രോജക്റ്റ് വിവരങ്ങൾ സിഇഒയ്ക്ക് മുന്നിൽ വിശദീകരിച്ചത്.
മറ്റ് സഹപ്രവർത്തകർ ചിരി കടിച്ചുപിടിച്ചാണ് മീറ്റിംഗിൽ ഇരുന്നത്. ഇടയ്ക്കിടെ ഗ്ലാസ്സിൽ നിന്ന് വെള്ളവും കുടിച്ചുകൊണ്ട് തികച്ചും സ്വാഭാവികമായ രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.
ബോസിനെ ‘പറ്റിക്കാൻ’ ഇട്ട വേഷം യഥാർത്ഥത്തിൽ ഇത് തന്റെ ബോസിനെ ഒന്ന് പറ്റിക്കാൻ വേണ്ടി ജീവനക്കാർ എല്ലാവരും ചേർന്ന് പ്ലാൻ ചെയ്ത ഒരു പ്രാങ്ക് ആയിരുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് ആ കമ്പനിയുടെ സിഇഒയുടെ പ്രതികരണമായിരുന്നു. യുവതി തന്റെ കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ, ദേഷ്യപ്പെടുന്നതിന് പകരം വളരെ ശാന്തനായി സിഇഒ ചോദിച്ചത് ഇതായിരുന്നു: ‘ഇത് ഏത് ഫേസ് മാസ്ക് ആണ്? ബ്ലാക്ക് സീവീഡ് (Seaweed) ആണോ അതോ മറ്റേതെങ്കിലുമാണോ?’ ഉടൻ തന്നെ ചിരിച്ചുകൊണ്ട് യുവതി മറുപടി നൽകി, ‘ഇത് നീം ആണ്, നിങ്ങളും ഇത് ഉപയോഗിക്കണം.’ ബോസിനെ കളിയാക്കാൻ നോക്കിയ ജീവനക്കാർക്ക് അദ്ദേഹത്തിന്റെ ഈ രസകരമായ മറുപടി വലിയ ആവേശമാണ് നൽകിയത്.
‘ഞങ്ങൾ ബോസിനെ ഒന്ന് പറ്റിക്കാൻ നോക്കിയതാണ്, പക്ഷേ പുള്ളി അത് ഞങ്ങളേക്കാൾ കൂടുതൽ എൻജോയ് ചെയ്തു’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കമ്പനി കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായതോടെ എട്ട് മില്യണിലധികം ആളുകളാണ് ഇത് കണ്ടത്.
സിഇഒയുടെ പെരുമാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ‘ഇത്രയും ശാന്തനായ ഒരു ബോസിനെ കിട്ടുന്നത് ഭാഗ്യമാണ്’, ‘ജെൻ സി ജീവനക്കാരേക്കാൾ കൂളാണ് ഈ മില്ലേനിയൽ ബോസ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
എന്നാൽ ഒരു വിഭാഗം ആളുകൾ ഇതിനെതിരെ വിമർശനവും ഉന്നയിച്ചു. ഓഫീസ് മീറ്റിംഗുകളിൽ പാലിക്കേണ്ട
പ്രൊഫഷണലിസം ഇവിടെ നഷ്ടപ്പെട്ടുവെന്നും ഇത് വെറുമൊരു നാടകമാണെന്നും ചിലർ വാദിച്ചു. ഇതിന് മറുപടിയായി മീറ്റിംഗിന്റെ രണ്ടാം ഭാഗവും കമ്പനി പുറത്തുവിട്ടു.
‘ഇനി ആരെങ്കിലും ക്യാമറ ഓഫ് ചെയ്താൽ അവർ എന്ത് ചെയ്യുകയാണെന്ന് എനിക്ക് മനസ്സിലാകും’ എന്ന് ബോസ് തമാശയായി പറയുന്നതും പുതിയ വീഡിയോയിലുണ്ട്. കോവിഡിന് ശേഷമുള്ള ഹൈബ്രിഡ് വർക്ക് സംസ്കാരത്തിൽ പ്രൊഫഷണലിസം എന്ന വാക്കിന്റെ അർത്ഥം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നതെന്നാണ് പലരും കമൻ്റുകളിൽ കൂറിക്കുന്നത്.
വസ്ത്രധാരണത്തേക്കാളും സാന്നിധ്യത്തേക്കാളും ചെയ്യുന്ന ജോലിയുടെ ഗുണമേന്മയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന ജെൻ സി നിലപാടിനെ ഈ വീഡിയോ അടിവരയിടുന്നു. എങ്കിലും ഔദ്യോഗിക മീറ്റിംഗുകളിൽ ഇത്തരം തമാശകൾ എത്രത്തോളം ആകാമെന്ന ചർച്ചയും ഇതിനോടൊപ്പം സജീവമാണ്.
View this post on Instagram A post shared by RemoteStar Ltd. (@remotestar_io) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

