
അഹമ്മദാബാദ്: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ചു വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ സർവകലാശാല ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കൂട്ടമാളുകൾ ക്രിക്കറ്റ് ബാറ്റും, കല്ലും ഉപയോഗിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
റംസാൻ നിസ്കാരത്തിന്റെ സമയത്താണ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടന്നതെന്നാണ് വിവരം. ആഫ്രിക്ക, ഉസ്ബൈക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ക്യാംമ്പസിൽ റംസാനിലെ രാത്രിയിലുള്ള തറാവീഹ് നിസ്ക്കാരത്തിനായി വിദ്യാർത്ഥികൾ ഹോസ്റ്റലിനുള്ളിൽ ഒത്തുകൂടുകയായിരുന്നു. ഇതിനിടയിലേക്ക് വടികളും കല്ലുമെല്ലാം ഉപയോഗിച്ച് അക്രമിക്കൂട്ടം ഇരച്ചുകയറുകയും അവരെ ആക്രമിക്കുകയുമായിരുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ആക്രമണത്തെ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അക്രമികൾ മുദ്രാവാക്യം വിളിക്കുകയും ഹോസ്റ്റലിൽ നമസ്കരിക്കാൻ ആരാണ് അനുവദിച്ചതെന്ന് ചോദിച്ചെന്നും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അവർ മുറിക്കുള്ളിലെ ലാപ്ടോപ്പുകളും ഫോണുകളും തകർത്തുവെന്നും ബൈക്കുകളും നശിപ്പിച്ചതായി വിദ്യാർത്ഥി പറഞ്ഞു. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങളിൽ ലാപ്ടോപ്പുകളും ബൈക്കും അക്രമികൾ നശിപ്പിക്കുന്നത് കാണാം.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘവി രംഗത്തെത്തി. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാനും മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീൻ ഒവൈസി സംഭവത്തെ അപലപിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Last Updated Mar 17, 2024, 11:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]