
മുംബൈ: ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ തന്നെയാണ് ക്രിക്കറ്റ് ലോകം ഐപിഎല്‍ ആവേശത്തിലേക്കും ചുവടുവെക്കുന്നത്. ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയെ തോല്‍പ്പിച്ച് ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയക്ക് 33 കോടി രൂപയാണ് ഐസിസി സമ്മാനത്തുകയായി നല്കിയതെങ്കില് ഐപിഎല്ലില്‍ കിരീടം നേടുന്ന ടീമിന് ഇത്തവണ 30 കോടി രൂപ പ്രൈസ് മണിയായി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണത്തെ ഐപിഎല്‍ പ്രൈസ് മണി എത്രയായിരിക്കുമെന്ന് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ സീസണ് വരെ വിജയികള്‍ക്ക് 20 കോടി രൂപയാണ് പ്രൈസ് മണിയായി നല്‍കിയത്. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 13 കോടി രൂപയായിരുന്നു സമ്മാനത്തുക. ഇത്തവണ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിനുള്ള സമ്മാനത്തുകയിലും കാര്യമായ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
2008ലെ ആദ്യ ഐപിഎല്ലില്‍ ജേതാക്കളായ രാജസ്ഥാന് റോയല്‍സിന് 4.8 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. പിന്നീട് 2010ല്‍ ഇത് 10 കോടിയായി ഉയര്‍ത്തി. തുടര്‍ന്നുള്ള നാലു സീസണുകളിലും ജേതാക്കള്‍ക്ക് 10 കോടി രൂപതന്നെയായിരുന്നു പ്രൈസ് മണിയായി നല്‍കിയിരുന്നത്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം കിരീടം നേടിയ വര്‍ഷമാണ് ഇത് 15 കോടി രൂപയായി ഉയര്‍ത്തിയത്.
2016 ലാണ് പ്രൈസ് മണി 20 കോടിയിലേക്ക് ഉയര്‍ത്തിയത്. റണ്ണേഴ്സ് അപ്പിനുള്ള പ്രൈസ് മണി 11 കോടിയാക്കിയും ഉയര്‍ത്തി. കഴിഞ്ഞ സീസണ് വരെ വിജയികള്‍ക്കുള്ള പ്രൈസ് മണിയില്‍ മാറ്റം വരുത്തിയില്ലെങ്കിലും 2020ല്‍ റണ്ണേഴ്സ് അപ്പിനുള്ള പ്രൈസ് മണി 12.5 കോടിയായി ഉയര്‍ത്തിയിരുന്നു. കൊവിഡ് കാലത്ത് ഉയര്‍ത്താതിരുന്ന പ്രൈസ് മണി അതിനുശേഷം നടന്ന രണ്ട് സീസണുകളിലും മാറ്റമില്ലാതെ തുടര്‍ന്നു. എന്നാല്‍ ഈ സീസണില്‍ പ്രൈസ് മണി 30 കോടിയായി ഉയര്‍ത്താനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Last Updated Mar 16, 2024, 5:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]