

First Published Mar 16, 2024, 3:56 PM IST
ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
1. ഫേസ് 1- വോട്ടെടുപ്പ് ഏപ്രിൽ 19 ന്
2. ഫേസ് 2-വോട്ടെടുപ്പ് ഏപ്രിൽ 26 (കേരളം)
3. ഫേസ് 3-വോട്ടെടുപ്പ് മെയ് 7
4. ഫേസ് 4-വോട്ടെടുപ്പ് മേയ് 13
5. ഫേസ് 5-വോട്ടെടുപ്പ് മെയ് 20
6. ഫേസ് 6-വോട്ടെടുപ്പ് മെയ് 25
7. ഫേസ് 7-വോട്ടെടുപ്പ് ജൂൺ 1
ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്
1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
2. സിക്കിം- ഏപ്രിൽ 19 ന്
3. ഒറീസ- മെയ് 13 ന്
4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്
ജൂൺ 4 ന് വോട്ടെണ്ണൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകണം.
കൈവെസി ആപ്പും വോട്ട് ഫ്രം ഹോം സൗകര്യവും
10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര് ട്രാൻസ്ജെൻഡര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും.
പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ്, 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു
പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. 11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തു. എയർപോർട്ടുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. റയിൽവേ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കും. ഓൺലൈൻ പണമിടപാടുകളും നിരീക്ഷിക്കും. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. പ്രശ്നബാധിത, പ്രശ്നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24×7 കൺട്രോൾ റൂം. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. സുരക്ഷ കാരണങ്ങളാലാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തത്. ലോക് സഭ തെരെഞ്ഞടുപ്പ് കഴിഞ്ഞാലുടൻ കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. സ്ഥാനാർത്ഥികൾക്കടക്കം സുരക്ഷ നൽകേണ്ട സാഹചര്യമുണ്ട്.
Last Updated Mar 16, 2024, 4:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]