
ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ട് ജീവിതത്തിൽ സധൈര്യം മുന്നോട്ട് പോകുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഒരോ ദിവസം അപരിചിതരുടെ കൂട്ടത്തിൽ അങ്ങനെയുള്ള എത്രയോ പേരെ നാം കണ്ടുമുട്ടുന്നുണ്ടാകും. അവരുടെ കഥകൾ നമുക്ക് ചിലപ്പോൾ അറിയണമെന്നില്ല എന്ന് മാത്രം. അതുപോലെ, തന്റെ ഒരു സാധാരണ ദിവസം താൻ കണ്ടുമുട്ടിയ ഒരു യുവതിയെ കുറിച്ചാണ് റെഡ്ഡിറ്റിൽ ഒരു യൂസർ പോസ്റ്റിട്ടിരിക്കുന്നത്.
ദില്ലിയിൽ നിന്നുള്ള ഓട്ടോ ഡ്രൈവറായ നീലം എന്ന യുവതിയെ കുറിച്ചാണ് ഇവർ തന്റെ പോസ്റ്റിൽ പറയുന്നത്. ‘യാത്രക്കാരുടെ സീറ്റിലിരിക്കാൻ തയ്യാറല്ലാത്ത സ്ത്രീ’ എന്നാണ് പോസ്റ്റിട്ടിരിക്കുന്ന സ്ത്രീ നീലത്തെ വിശേഷിപ്പിക്കുന്നത്.
‘വീട്ടിലേക്കുള്ള തന്റെ യാത്രയിലാണ് താൻ അവരെ കണ്ടുമുട്ടിയത്. വെറുമൊരു റൈഡ് എന്നതിനപ്പുറം അത് പറയുന്നത് കരുത്തിന്റെ കഥയാണ്. മെട്രോയിൽ നിന്നിറങ്ങി ഒരു ഓട്ടോയ്ക്ക് വേണ്ടി പരതുമ്പോഴാണ് ഞാൻ അവരെ കണ്ടത്. അവരെനിക്ക് ഒരു റൈഡ് ഓഫർ ചെയ്തു. ആദ്യം ഞാനൊന്ന് മടിച്ചു. ഒരു വനിതാ ഓട്ടോ ഡ്രൈവർ- അപൂർവം, അപ്രതീക്ഷിതം. എന്നാൽ, അവർക്കെന്തോ പ്രത്യേകതയുള്ളതായി തോന്നി, സ്ട്രോങ്ങാണ്, സേഫാണ് എന്ന തോന്നലുണ്ടായി. അങ്ങനെ, താൻ ആ ഓട്ടോയിൽ കയറി.
പോയിക്കൊണ്ടിരിക്കുമ്പോൾ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, -എന്തുകൊണ്ടാണ് നിങ്ങളിത് തെരഞ്ഞെടുത്തത്- എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ പുഞ്ചിരിച്ചു, വേദനയും ശക്തിയും ഒരുപോലെ ആ ചിരിയിൽ അടങ്ങിയിരുന്നു. -എനിക്ക് മറ്റ് വഴിയില്ലായിരുന്നു. എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ തകർക്കാൻ ശ്രമിച്ചു. എന്റെ ഭർത്താവ് എന്നെ നിശബ്ദയാക്കാൻ ശ്രമിച്ചു. എന്നാൽ, ഞാൻ തിരികെ പോരാടാൻ തന്നെ തീരുമാനിച്ചു- എന്നവൾ പറഞ്ഞു.
അവരുടെ ഓരോ ഓട്ടവും ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിലെത്താനുള്ളതല്ല, അത് ഒരു കാര്യം തെളിയിക്കാനുള്ളതാണ്. അവളുടെ ജീവിതം വീണ്ടെടുക്കാൻ വേണ്ടിയുള്ളതാണ്. അവളുടെ മകൾക്ക് വേണ്ടി ഒന്നും പേടിക്കാനില്ലാത്ത ഒരു ഭാവിജീവിതം കെട്ടിപ്പടുക്കാനുള്ളതാണ്.
നീലം ഓടിക്കുന്നത് ഒരു ഓട്ടോ മാത്രമല്ല, അവൾ മാറ്റത്തിലേക്കാണ് സഞ്ചരിക്കുന്നത്.’
എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഒപ്പം നീലം ഓട്ടോ ഓടിക്കുന്ന ചിത്രവും കാണാം. വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നൽകി. ഒരുപാടുപേരാണ് കമന്റുകളിലൂടെ നീലത്തിന്റെ ധൈര്യത്തേയും മനക്കരുത്തിനെയും അഭിനന്ദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]